KeralaLatest NewsNews

ഐ പി എസ് ഓഫീസർ ചമഞ്ഞു തട്ടിപ്പ് : പ്ലംബിങ് തൊഴിലാളി അറസ്റ്റിൽ

ഉപ്പുതറ: ഐ.പി.എസ്. ഓഫീസര്‍ ചമഞ്ഞു നടന്നു പിടിയിലായ പ്രതി പ്ലംബിങ് വയറിങ് തൊഴിലാളി. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഇയാൾ ഭാര്യയും രണ്ടു കുട്ടികളും ഉള്ളത് മറച്ചുവെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ കൂടെ താമസിപ്പിച്ചിരുന്നത്. വടകര ഇരിങ്ങണ്ണൂര്‍ ഇടച്ചേരി കള്ളിക്കൂട്ടത്തില്‍ ലിജീഷ് കെ.പ്രിന്‍സി(33) നെയാണ് ഉപ്പുതറ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സിനിമയിലെ പോലീസ് കഥാപാത്രങ്ങളെ അനുകരിക്കാനായി എസ്.ഐ, സി.ഐ. എന്നിവരുടെ യൂണിഫോമുകളും ബാഡ്ജും നക്ഷത്രങ്ങളും ഇയാള്‍ സംഘടിപ്പിച്ചിരുന്നു.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എസ്.ഐയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഡ്യൂപ്ലിക്കേറ്റ് പിസ്റ്റളും ഇയാളുടെ വീട്ടില്‍നിന്നു പോലീസ് പിടിച്ചെടുത്തിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥനെന്നുള്ള ബോര്‍ഡും വീടിനു മുന്നിൽ സ്ഥാപിച്ചിരുന്നു. നാട്ടുകാരുമായി അധികം ഇടപഴകാതിരുന്നതോടെ നാട്ടുകാർ തന്നെ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് പ്രതിയെത്തിയതറിഞ്ഞ് ഉപ്പുതറ എസ്.ഐ: എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.

വാട്സ് ആപ്പില്‍ ഗ്രൂപ്പുണ്ടാക്കി പോലീസ് വേഷങ്ങളിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇയാളുടെ വിനോദമായിരുന്നു. ഏതാനും മാസം മുൻപാണ് ഉപ്പുതറ സ്വദേശിനിയെ പരിചയപ്പെട്ട് വിവാഹം കഴിച്ച്‌ ഇവിടെ താമസമാക്കിയത്. യുവതിയുടെ രണ്ടാം വിവാഹമാണിത്. ആദ്യഭര്‍ത്താവിനെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം വിവാഹ തട്ടിപ്പുകേസില്‍ പോലീസ് പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button