പാലക്കാട്: ഇറച്ചിക്കോഴിവില ധനമന്ത്രി പറഞ്ഞതിലും താഴേക്ക്. തമിഴ്‌നാട്ടില്‍ ഉത്പാദനംകൂടിയതോടെയാണിത്. തമിഴ്‌നാട്ടില്‍ കിലോഗ്രാമിന് 78 രൂപയാണ് ചൊവ്വാഴ്ച ഫാമിലെ വില.
ബക്രീദും ഓണവുമടുത്തതിനാല്‍ ഉയര്‍ന്നതാണിത്. കഴിഞ്ഞയാഴ്ച 65 രൂപയായിരുന്നു. ഓണം കഴിയുന്നതോടെ വില ഇതിലും താഴേക്കുപോകും. കേരളത്തില്‍ 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നത്.
ചരക്ക്-സേവന നികുതി വന്നതോടെ കേരളത്തില്‍ കോഴിക്ക് 100 രൂപ തറവില നിശ്ചയിച്ച് ഈടാക്കിയിരുന്ന 14 ശതമാനം നികുതി ഒഴിവായിരുന്നു. നികുതി ഒഴിവാക്കാന്‍ തമിഴ്‌നാട്ടിലെ വന്‍കിട വ്യാപാരികള്‍ കേരളത്തില്‍ വന്‍തോതില്‍ കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് ഇടനിലക്കാര്‍വഴി വളര്‍ത്തിയിരുന്നു. ഇപ്പോള്‍ നികുതി ഒഴിവായതോടെ കൂടുതല്‍ ഫാമുകള്‍ തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൊള്ളാച്ചി, പല്ലടെ, തിരുപ്പാര്‍, മേട്ടുപ്പാളയം ഭാഗങ്ങളിലാണിത്.
നവംബര്‍, ഡിസംബര്‍ മാസമാകുമ്പോള്‍ മണ്ഡലകാലവും ക്രിസ്തീയവിശ്വാസികളുടെ നോമ്പുംകൂടി വരുന്നതോടെ വില വീണ്ടും ഇടിയും.
അതേസമയം തമിഴ്‌നാട്ടില്‍ കോഴിവില കുറഞ്ഞുതുടങ്ങിയത് കേരളത്തിലെ ഒരുലക്ഷത്തോളം കോഴിക്കര്‍ഷകരെ പ്രതിസന്ധിയിലാക്കും. ചൊവ്വാഴ്ച 80 രൂപയാണ് കേരളത്തിലെ ഫാമുകളില്‍ വില. മൂന്നുദിവസം മുമ്പ് വില 65 രൂപയായിരുന്നു.
Post Your Comments