കൊച്ചി: സംസ്ഥാനത്ത് തക്കാളിക്ക് നേരിയ തോതില്‍ വില കുറഞ്ഞു. ഇതര സംസ്ഥാന വിപണികളില്‍നിന്നുള്ള വരവ് കൂടിയതോടെയാണ് വിലയില്‍ ഇടിവുണ്ടായത്. എന്നാല്‍, ഓണമടുക്കുന്നതോടെ വില വീണ്ടും ഉയരുമോയെന്ന ആശങ്കയുമുണ്ട്. അതേസമയം, വെളുത്തുള്ളി വില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തി. ചുവന്നുള്ളി വിലയും മുന്നേറ്റത്തിലാണ്.
Read Also:പുതുപ്പള്ളിയിൽ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കം: ആരോപണവുമായി വി എൻ വാസവൻ
ഇതിനിടെ വിലകുതിക്കാന്‍ തുടങ്ങിയതോടെ സവാള കയറ്റുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചു. ഡിസംബര്‍ 31 വരെ സവാള കയറ്റുമതിക്ക് 40 ശതമാനം നികുതി ചുമത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഏപ്രില്‍- ജൂണ്‍ സീസണില്‍ ഉത്പാദനത്തിലുണ്ടായ കുറവ് വിപണിയെ ബാധിച്ചതോടെയാണു കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.
ഇതിനു ചുവടുപിടിച്ച് സവാളയ്ക്കും വില കൂടിയേക്കാമെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കി. വെളുത്തുള്ളി കിലോയ്ക്ക് 130-160 റേഞ്ചിലേക്ക് എത്തി. 80 രൂപയില്‍നിന്നുള്ള കുതിപ്പാണ് ഇരട്ടിവിലയിലേക്ക് എത്തിയിരിക്കുന്നത്.
കിലോയ്ക്ക് 200 രൂപവരെ ചില്ലറ വിപണിയില്‍ എത്തിയ തക്കാളിയുടെ വില 80 രൂപയിലേക്ക് താണത് ആശ്വാസമായി. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ തക്കാളി മൊത്തവിപണന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 30 രൂപ കുറഞ്ഞതാണ് കേരളത്തിലും വില താഴാനിടയാക്കിയത്.
കഴിഞ്ഞ മൂന്നുമാസമായി വിപണിയില്‍ പൊള്ളുന്ന വിലയായിരുന്നു തക്കാളിക്ക്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തക്കാളി ഉല്‍പ്പാദനം കുറഞ്ഞിരുന്നു. കനത്തമഴയായിരുന്നു വിളവിന് തിരിച്ചടിയായത്.
Post Your Comments