ചങ്ങനാശേരി : വാഹനാപകടത്തില്‍ ഗൃഹനാഥനെ നഷ്ടപ്പെട്ട് അനാഥമായ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേര്‍തിരിവുകള്‍ മറന്നു പാക്കിസ്ഥാന്‍ സ്വദേശികളും കൈകോര്‍ത്തു. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ മകള്‍ക്കു വള വാങ്ങാന്‍ പോയി മടങ്ങുമ്പോള്‍ തെങ്ങണയില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ച ചിരഞ്ചിറ സതീശന്റെ കുടുംബത്തെ ദുഃഖത്തില്‍നിന്നു കൈപിടിച്ചുയര്‍ത്താന്‍ നടത്തിയ ധനസമാഹരണത്തിലാണ് അഞ്ചു പാക്കിസ്ഥാനികളുടെ വകയായി 17,500 രൂപ ലഭിച്ചത്.
ദുബായ് റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന ചിരഞ്ചിറ മുരിങ്ങാത്ര കാലായില്‍ ബിജു വഴിയാണു പണം ചീരഞ്ചിറയില്‍ എത്തിച്ചത്. വാട്ട്‌സാപ്പിലൂടെ ഭാര്യ ബിന്‍സി ധനസമാഹരണ യജ്ഞത്തെക്കുറിച്ചു ബിജുവിനെ അറിയിച്ചിരുന്നു. ഇങ്ങനെയാണു സതീശന്റെ കുടുംബത്തിന്റെ ദുരവസ്ഥ പാക്കിസ്ഥാനികളും അറിഞ്ഞത്.
ഇന്നലെ വാഴപ്പളളി പഞ്ചായത്തിലെ ആറു വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അഞ്ചു മണിക്കൂര്‍ കൊണ്ട് 17,65,000 രൂപയാണു സമാഹരിച്ചത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്തും ചങ്ങനാശേരി പ്രത്യാശ ടീമും സംയുക്തമായി നടത്തിയ ധനസമാഹരണത്തിലൂടെ 10 ലക്ഷം രൂപ കണ്ടെത്താനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചതിലുപരിയായി ജനങ്ങള്‍ സഹായവുമായി എത്തുകയായിരുന്നു.
ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചങ്ങംങ്കേരി, ജനറല്‍ കണ്‍വീനര്‍ മാത്യു സി.തോമസ്, സാറാമ്മ സാബു, റോസമ്മ ജയിംസ്, മിനി വിജയകുമാര്‍, ലീനാമോള്‍ ജോസഫ്, ബീനാ റ്റോംസണ്‍, ടോണി പുളിക്കന്‍, സതീഷ് ചന്ദ്രബോസ്, തോംസണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം.
Post Your Comments