Latest NewsNewsGulf

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നൂറുശതമാനം വിദേശനിക്ഷേപത്തിന് അവസരം ഒരുക്കി സൗദി മന്ത്രാലയം

 

റിയാദ്: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സൗദി അറേബ്യ 100 ശതമാനം വിദേശ നിക്ഷേപത്തിന് അവസരം ഒരുക്കുന്നു. വിദേശ കമ്പനികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്ന ഏറ്റവും മികച്ച ചുവടുവെപ്പാണിതെന്ന് സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.

സ്വദേശി വ്യവസായികളുമായി പങ്കാളിത്തവ്യവസ്ഥയില്‍ നിക്ഷേപം നടത്താനാണ് നിലവില്‍ അനുമതിയുള്ളത്. തിരഞ്ഞെടുത്ത മേഖലകളില്‍ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്െമന്റ് അതോറിറ്റി വിദേശികള്‍ക്ക് ലൈസന്‍സ് നല്‍കുന്നുമുണ്ട്. ഇതിനുപുറമേ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിനാണ് പുതുതായി അവസരം ഒരുക്കിയിട്ടുള്ളതെന്ന് സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു.

വിദേശ നിക്ഷേപകര്‍ക്ക് പ്രാഥമികവിദ്യാലയം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നയമെന്ന് ഇബ്രാഹിം അല്‍ ഉമര്‍ പറഞ്ഞു. ആരോഗ്യ മേഖലയിലും നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കും. ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ചുമതലയില്‍നിന്ന് ആരോഗ്യമന്ത്രാലയം പിന്‍മാറും. മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചുമതലയാണ് ഭാവിയില്‍ ആരോഗ്യ മന്ത്രാലയം വഹിക്കുക -അദ്ദേഹം പറഞ്ഞു.

ഇത് ആരോഗ്യമേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 180 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് അവസരമൊരുക്കും. എണ്ണവിപണിയിലെ തകര്‍ച്ച സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് വിദേശ നിക്ഷേപത്തിനുള്ള അനുമതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button