
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം. നന്മയുടെ പ്രകാശം പകര്‍ന്ന് ഒരു ഓണം കൂടി നമ്മിലേക്ക് അടുത്ത് വരുന്നു. മനുഷ്യരേക്കാളുപരി പൂവിളികളും ആഘോഷവുമായി പ്രകൃതി കൂടുതല്‍ സന്തുഷ്ടയാവുകയും,എങ്ങും താളമേളങ്ങളും ആര്‍പ്പുവിളികളും കൊണ്ട് കേളസംസ്ക്കാരത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ദിനങ്ങളാണ് കടന്ന് വരാനിരിക്കുന്നത്. ജാതി മത ഭേദമന്യേ കേരളം ഓണം ആഘോഷിക്കുമ്പോൾ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആഘോഷം കൂടിയായി ഓണം മാറുന്നു.

പൊന്നിന് ചിങ്ങത്തിലെ അത്തം മുതല്‍ ആരംഭിക്കുന്ന ഓണാഘോഷം തിരുവോണം നാള് വരെ ഗംഭീരമായി കൊണ്ടാടി പൂക്കളവും തുമ്പപ്പൂവിന് നിറമുള്ള ചോറും പായസവുമെല്ലാമായി ജാതിമത ഭേദമന്യേ ലോകത്തുള്ള മലയാളികള്‍ ഈ ആഘോഷ വേളയിൽ ഒത്തു കൂടുന്നു.

ഓണത്തോടനുബന്ധിച്ചുള്ള ആര്‍പ്പുവിളികളും മാവേലി മന്നന്റെ വരവുമെല്ലാം കണ്ണിന് കുളിരേകുന്ന കാഴ്ച്ചകളാണ്. ഓരോ തലമുറ കടന്ന് വരുമ്പോഴും വീണ്ടും പുതുമയോടെ നില്ക്കുന്ന ഒന്നാണ് മാവേലിയും മാവേലി മന്നന്റെ പാട്ടും. കേരളീയ സംസ്ക്കാരത്തെയും നാമെല്ലാം ഒന്നാണെന്ന ചേതോവികാരം ആ പാട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു.

എന്നാൽ ഇതൊക്ക ഇപ്പോൾ ഒരു ഗൃഹാതുരത്വമാണ്. അത്തം മുതല്‍ തിരുവോണം വരെ പത്തുനാള്‍ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന് തൊടിയിലും പാടവരമ്പത്തും ഓണത്തുമ്പികളെപ്പോലെ പാറി നടക്കുന്ന കുട്ടിക്കുറുമ്പികളും കുട്ടിക്കുറുമ്പന്മാരും ഉണ്ടായിരുന്നപ്പോൾ ഇന്ന് പൂക്കള്‍ പറിക്കാന്‍ കുട്ടികള്‍ക്കോ കുട്ടികളെ പുറത്തേക്ക് വിടാന്‍ മാതാപിതാക്കള്‍ക്കോ താല്പര്യമില്ല. ഓണവിപണിയില്‍ നിറയുന്ന പിച്ചിയും മുല്ലയും ഇന്ന് വീടുകള്‍ കീഴടക്കുന്നു.


Post Your Comments