മല്ലു സിംഗായി മലയാളി മനസിലേക്ക് കടന്നു വന്ന താരമാണ് ഉണ്ണി മുകുന്ദന്‍. ഓണക്കാല ഓര്‍മകളെ കുറിച്ച് പറയുമ്പോള്‍ ഉണ്ണി വാചാലനാവുകയാണ്.
”എന്റെ സിനിമപോലെ, സത്യത്തില്‍ കുറേനാള്‍ ഞാനൊരു മല്ലു സിങ് തന്നെയായിരുന്നു. എന്റെ കുട്ടിക്കാലവും കൗമാരവും ഒക്കെ ഗുജറാത്തിലായിരുന്നു. അച്ഛനും അമ്മയ്ക്കും ജോലി ഗുജറാത്തിലായതിനാല്‍ ഞാനുമൊരു ഗുജറാത്തിയാകുകയായിരുന്നു. ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലേക്കെത്തുന്നത് ‘ഗുജറാത്തിലെ പിരിവ്’ ആണ്. ഓണക്കാലമാകുമ്പോള്‍ അവിടത്തെ മലയാളികളെല്ലാം ചേര്‍ന്ന് ഓണമാഘോഷിക്കും. അതിനുള്ള പിരിവ് നടത്തുന്ന സംഘത്തില്‍ ചേരുകയായിരുന്നു എന്റെ പ്രധാന ഹോബി. ഓണക്കാലമാകുമ്പോള്‍ മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്ത് പിരിവിനെത്തുന്ന ഞങ്ങളെ കാണുമ്പോള്‍ അവരുടെ ഒരു ചോദ്യമുണ്ട്… ‘മാവേലിയെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ പിരിവിന് മാത്രമാണ് വരവ് അല്ലേ?’ ആ ചോദ്യം കേള്‍ക്കുമ്പോള്‍ ചമ്മിയൊരു ചിരിയുമായി ഞങ്ങളുടെയൊരു നില്‍പ്പുണ്ട്.”…ആ ഓര്‍മയില്‍ ആയതു കൊണ്ടാവണം ഇത് പറഞ്ഞപ്പോഴും ഉണ്ണിയുടെ മുഖത്ത് ആ പഴയ ചിരി കാണാമായിരുന്നു.
ഓണസദ്യയില്‍ ഇഷ്ടപ്പെട്ട വിഭവത്തെക്കുറിച്ചും ഉണ്ണി പറയുന്നു. ”ഗുജറാത്തിലെ ഓണാഘോഷത്തില്‍ സദ്യ വിളമ്പാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ വിളമ്പുന്നത് നെയ്യും പരിപ്പുമാണ്. അത് തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവവും. നെയ്യും പരിപ്പുമില്ലാതെ ഓണസദ്യയെന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. അതുപോലെ ഉരുളക്കിഴങ്ങും തേങ്ങാപ്പാലും ചേര്‍ത്ത് അമ്മ ഉണ്ടാക്കുന്ന ഒരു സ്പെഷല്‍ കറിയുണ്ട്. അത് എത്ര കൂട്ടിയാലും എനിക്ക് മതിവരില്ല. സദ്യ കഴിഞ്ഞ് വയര്‍ നിറച്ച് പായസം കുടിക്കുന്നതും വല്യ ഇഷ്ടാണ്”…ഉണ്ണി പറഞ്ഞു നിര്‍ത്തി. അടുത്ത ഓണത്തിന് ഗുജറാത്തില്‍ നിന്ന് അച്ഛനും അമ്മയും മടങ്ങിയെത്തുമെന്നും അവരോടൊപ്പം നാട്ടില്‍ ഓണം ആഘോഷിക്കണമെന്നുമുള്ള ആഗ്രഹവും ഉണ്ണി പങ്കു വെച്ചു.
Post Your Comments