ലണ്ടന്‍: സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും. ബ്രിട്ടനില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പുതിയ പട്ടികയിലാണ് ദാവൂദിന്റെ പാകിസ്താനിലെ കറാച്ചിയിലുള്ള മൂന്ന് വിലാസങ്ങളുള്ളത്. യുകെ ട്രഷറി വകുപ്പാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്. അതേസമയം, കറാച്ചിയില്‍ തന്നെയുള്ള മറ്റൊരു വിലാസവും ഇതുവരെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പുതിയ പട്ടികയില്‍നിന്ന് ഈ വിലാസം ഒഴിവാക്കിയിട്ടുണ്ട്.
പട്ടികയില്‍ നല്‍കിയിട്ടുള്ള ദാവൂദിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ: പിതാവ് – ഷെയ്ഖ് ഇബ്രാഹിം അലി കസ്‌കര്‍, മാതാവ് – ആമിന ബീ, ഭാര്യ – മെഹ്ജാബീന്‍ ഷെയ്ഖ്. അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍, ഇസ്മായില്‍, അനീസ്, ഇബ്രാഹിം, ഷെയ്ഖ്, മുഹമ്മദ്, ഭായ്, ദാവൂദ്, ഇക്ബാല്‍, ദിലീപ്, അസീസ്, ഫാറൂഖി, ഹസന്‍ തുടങ്ങി 21 ഉപനാമങ്ങളും ദാവൂദിനുണ്ടെന്ന് പട്ടികയില്‍ പറയുന്നു.
മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് അടുത്തുള്ള ഖേര്‍ എന്ന ഗ്രാമമാണ് ദാവൂദിന്റെ ജന്മസ്ഥലമായി രേഖപ്പെടുത്തിയിട്ടുള്ളത്. ദാവൂദ് ഇന്ത്യന്‍ പൗരനാണെന്നും പട്ടികയിലുണ്ട്. 2003 നവംബര്‍ ഏഴിനാണ് ഇയാളുടെ പേര് ആദ്യം ഉപരോധം ഏര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ വന്നതെന്ന വിവരവും നല്‍കിയിട്ടുണ്ട്.
Post Your Comments