കൊച്ചി: മതം മാറി വിവാഹം കഴിച്ച യുവതിയെ തത്ക്കാലം ഹോസ്റ്റലിൽ പാർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.തനിക്ക് ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ ആണ് ഒരുമാസത്തേക്ക് ഹോസ്റ്റലില്‍ നിര്‍ത്താന്‍ കോടതി ഉത്തരവിട്ടത്. തന്നെ വിവാഹം കഴിച്ച ശ്രുതിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് അനീസ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജ്ജിയിലാണ് വിധി.
കണ്ണൂർ സ്വദേശിനിയായ ശ്രുതിയെയാണ് ഒരു മാസത്തേക്ക് എറണാകുളം എസ്എൻവി സദനം ഹോസ്റ്റലിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. 2011-14 കാലഘട്ടത്തിൽ ബിരുദ പഠനത്തിനിടയിൽ ശ്രുതിയുമായി പ്രണയത്തിലായ കണ്ണൂർ പരിയാരം സ്വദേശിയായ അനീസ് ഹമീദ് പിന്നീട് പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഡൽഹിയിൽ വെച്ചാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. തന്നെ വിവാഹം കഴിക്കുന്നതിനായി ശ്രുതി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചതാണെന്നാണ് അനീസിന്റെ ഹർജിയിൽ പറയുന്നത്.
വിവാഹശേഷം ഇരുവരും ഹരിയാനയിൽ താമസിക്കുമ്പോഴാണ് ശ്രുതിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശ്രുതി പിന്നീട് മാതാപിതാക്കളോടൊപ്പം പോകുകയായിരുന്നു. ഇതിനിടെ, തങ്ങളോടൊപ്പം വീട്ടിൽ കഴിയുന്ന ശ്രുതിയെ വിട്ടുകിട്ടാനായി അനീസ് മതമൗലിക സംഘടനയുമായി ചേർന്ന് ഭീഷണിപ്പെടുത്തുന്നതായി മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
ശ്രുതിയുടെ മാതാപിതാക്കളുടെ ഹർജി പരിഗണിച്ച ഹൈക്കോടതി, ശ്രുതിക്കും മാതാപിതാക്കൾക്കും പോലീസ് സംരക്ഷണം നൽകണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.
Post Your Comments