ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ദാനം ചെയ്യുന്നത് നല്ലകാര്യമാണെങ്കിലും അതിലൂടെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം ആകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭീഷണിയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും മതപരിവര്‍ത്തനം നടത്താന്‍ ആര്‍ക്കും അധികാരം ഇല്ല. മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
മത പരിവര്‍ത്തനം സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടെ പരിഗണിച്ച് വിശദമായ സത്യവാങ് മൂലം നല്‍കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം തടയുവാന്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ള സംവിധാനം അറിയിക്കുവാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് 9 സംസ്ഥാനങ്ങളില്‍ നിയമം ഉണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ ശക്തമായ നിയമം പാസാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഓഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് നിയമം നിലനില്‍ക്കുന്നത്.
Post Your Comments