മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷം, അതാണ് ഓണം. ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചുര പ്രചാരം നേടിയ കഥകള്‍ക്കും സങ്കല്‍പങ്ങള്‍ക്കുമപ്പുറമുള്ള നിരീക്ഷണങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ ഈ വരികള്‍ ഒരിക്കലെങ്കിലും ഒന്നുമൂളിനോക്കാത്ത മലയാളികളുണ്ടാകില്ല. ഇത് പാടുമ്പോള്‍ മനസ്സില്‍ ഉണ്ടാവുന്ന ആ സന്തോഷവും നല്ല നാളെയുടെ ഓര്‍മ്മകളും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഈ ആഘോഷപ്പുലരികളില്‍ നന്മയുടെ സങ്കല്‍പ ലോകം പീലിവിടര്‍ത്തി നില്‍ക്കുന്ന കാഴ്ച ഹൃദയഹാരിയാകുന്നു.
പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു മഹാചക്രവര്‍ത്തിയായിരുന്നു മഹാബലി. പ്രജാക്ഷേമതല്‍പ്പരനും ഐശര്യവാനുമായ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാട്ടിലെങ്ങും സന്തോഷവും ഐശര്യവും വിളയാടിയിരുന്നു. ഇതില്‍ അസൂയ പൂണ്ട ദേവന്മാര്‍ ഉപജാപം നടത്തി അദ്ദേഹത്തെ ഉന്മൂലനം ചെയ്യാനായി വാമനനെ നിയോഗിച്ചു. എന്നാല്‍ വാമനന്റെ കുതന്ത്രത്തില്‍ പെട്ട് രാജ്യം വെടിയേണ്ടിവന്ന മന്നനാണ് മഹാബലി. ഈരേഴുലോകത്തും അഭയം നല്‍കാതെ വാമനന്‍ അവസാനം അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിക്കളഞ്ഞു. പാതാളത്തേക്ക് പോകുമ്പോള്‍ അനുകമ്പ തോന്നി വാമനന്‍ മഹാബലിയോട് അന്ത്യാഭിലാഷം ചോദിച്ചു. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണുന്നതിനായി കേരളം സന്ദര്‍ശിക്കാനനുവാദം തരണമെന്ന് അദ്ദേഹം വാമനനോട് വരം ചോദിച്ചു. വാമനന്‍ അതു സമ്മതിക്കുകയും ചെയ്തു. അങ്ങനെ മഹാബലി തന്റെ ഇരിപ്പിടമായ പാതാളലോകത്തുനിന്നും ഭൂമിയില്‍ കേരളത്തിലെത്തി തന്റെ പ്രജകളെ തൃക്കണ്‍ പാര്‍ക്കുന്ന ദിവസമാണ് തിരുവോണം. ഇതാണ് തിരുവോണവുമായി ബന്ധപ്പെട്ട ഏറെ പ്രസിദ്ധമായ ഐതിഹ്യം.
പ്രവിശാലമായ പ്രദേശത്തിന്റെ അധിപനായ തന്നോട് മൂന്നടി മണ്ണ് ആവശ്യപ്പെടുന്ന ഇവനൊരു സാധു എന്ന ഭാവം അഹങ്കാരത്തിലെത്തുമ്പോള്‍ പ്രജാവത്സനായ ഒരു ഭരണാധികാരിയാണെങ്കില്‍ പോലും ശിക്ഷിക്കപ്പെടാതിരിക്കുന്നില്ല എന്ന പാഠം ഐതിഹ്യത്തെ പ്രഫുല്ലമാക്കുന്നു. മറിച്ചുള്ള കഥകള്‍ ഒരു നന്മയും പ്രസരിപ്പിക്കാന്‍ പ്രാപ്തമല്ലെന്ന് മാത്രമല്ല. അനാര്യോഗകരമായ ചിന്തകള്‍ക്ക് വളം വെക്കുകയും ചെയ്യും. നീതിമാനായ രാജാവിനോട് മഹാ വിഷ്ണു അക്രമം കാണിച്ചുവെന്നതിനു പകരം. എത്ര വലിയ മഹാനായാലും അഹങ്കരിക്കാന്‍ അവകാശമില്ലെന്നും അഥവ അഹങ്കാരം അല്‍പമാണെങ്കില്‍ പോലും വേദനാജനകമായ പര്യവസാനമായിരിക്കുമെന്നും പഠിപ്പിക്കപ്പെടുന്നു.
എന്നാല്‍, ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരുപാട് മാറ്റങ്ങള്‍ സംബവിച്ചിരിക്കുന്നു. പലയിടത്തും മഹാവിഷ്ണുവിന്റെ ശിക്ഷണവും അഗ്‌നിശുദ്ധിക്ക് വിധേയനായ മഹാബലിയും യഥാവിധി വായിക്കപ്പെടാതെ പോകുന്നു. ഭൗതികലോകത്തിന്റെ വീക്ഷണത്തില്‍ എത്രയൊക്കെ കാതം സഞ്ചരിച്ചെന്നു വന്നാലും തന്നിലേയ്ക്കും പ്രകൃതിയിലേയ്ക്കും സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ എല്ലാം നിസ്സാരം.
അഗ്‌നിശുദ്ധിക്ക് വിധേയനായ മഹാബലിയും അതില്‍ നിന്നുള്ള മഹിതമായ പാഠവും ഉള്‍കൊള്ളാന്‍ നമുക്ക് കഴിയണം. അതുപോലെ, ഓണം എന്നത് ഒരിക്കലും ഒരു ജാതിയുടെയോ മതത്തിന്റെയോ ആഘോഷമല്ല, മറിച്ച് കേരളത്തിന്റെ ഉത്സവമാണ്. ഇന്ന്‍ പലപ്പോഴും ഇതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നത് കാണാം. അതില്‍ നിന്നും വ്യത്യസ്തമായി ഞാനും നിങ്ങളും ഒന്നാണെന്ന ബോധ്യത്തോടെ സ്നേഹത്തോടെ ഈ ഓണം നമുക്ക് ആഘോഷിക്കാം. എല്ലാവര്‍ക്കും സുഗന്ധപൂരിതമായ ആഘോഷനാളുകളുടെ ഹൃദ്യമായ ആശംസകള്‍.
Post Your Comments