ഓണക്കാലം ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടതാണ്. ഓണക്കാലം സമ്മാനിയ്ക്കുന്ന ഓര്‍മ്മകള്‍ എത്ര കാലം കഴിഞ്ഞാലും മറക്കാനും കഴിയില്ല. ഓണസദ്യയും പൂക്കളമൊരുക്കലും വള്ളംകളിയും …അങ്ങനെ പലര്‍ക്കും പലവിധ ഓര്‍മ്മകളായിരിയ്ക്കും മനസില്‍ തങ്ങി നില്‍ക്കുന്നത്. ഓണക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ നെടുമുടി വേണു.
” ചിങ്ങത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓടിയെത്തുന്നത് ഓണവെയിലാണ്. സ്വര്‍ണ നൂലിഴകളാല്‍ നെയ്തെടുത്ത ഓണവെയിലിന് പല ഭാവങ്ങളാണ് ചിങ്ങമാസത്തിലെ പുലര്‍കാലം പൂക്കളുടെ കാലം കൂടിയാണ്. താമരപ്പൂവ് മുതല്‍ പത്തുമണിപ്പൂവ് വിരിയുന്നത് വരെയുള്ള വെയിലിന് സന്യാസിയുടെ ശാന്തതയായിരിയ്ക്കും. ഇളം വെയിലും കുളിര്‍ക്കാറ്റും പൂക്കളുടെ നൃത്തവും പുന്നെല്ലിന്റെ ഈണവും അമ്പലങ്ങളില്‍ നിന്നുയരുന്ന കര്‍പ്പൂരഗന്ധവും ചേര്‍ന്ന് ആത്മീയതയില്‍ അലിയുന്ന അന്തരീക്ഷമാണ് പുലര്‍കാല വെയില്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുന്നത്.
പത്തുമണി വെയിലിന് കാമുക ഭാവമാണ്. കാമുകന്മാരുടെ സിരകളിലൂടെ ഒഴുകുന്ന ചോരയ്ക്ക് ചൂരും ചൂടും കൂടിയിരുന്നാലും മനസൊരു മന്ദാരമായിരിയ്ക്കും. നാളെയെക്കുറിച്ചുള്ള നിറമുള്ള കിനാവുകളുമായി കഴിയുന്ന കാമുകന്റെ അതെ ഭാവമാണ് പത്തുമണി വെയിലിന്റെ ചൂടിനുള്ളത്. ഉച്ചവെയിലിന് തുമ്പപ്പൂവിന്റെ നിറമായത് കൊണ്ടാണ് നട്ടുച്ചയ്ക്കും നേരിയ കുളിര്‍ അനുഭവപ്പെടുന്നത്. ഉച്ചവെയില്‍ ഉച്ചിയില്‍ വീഴുമ്പോഴാണ് അച്ചിമാര്‍ പരക്കം പായുന്നത്. പൂമാരിയും പേമാരിയുമായി രണ്ടരമാസത്തെ മഴക്കാലത്തിന് ശേഷം കിട്ടുന്ന ഉച്ചവെയിലിലാണ് ഓണസദ്യയ്ക്കുള്ള നെല്ല് മുതല്‍ കൊണ്ടാട്ടം വരെ ഉണക്കിയെടുക്കേണ്ടത്. അതുകൊണ്ടാണ് അച്ചിമാരുടെ ഇഷ്ടവെയിലായി ഉച്ചവെയില്‍ മാറുന്നത്.
നാലുമണി വെയില്‍ നാണക്കാരിയെപ്പോലെയും നാട്യക്കാരിയെപ്പോലെയുമാണ്. നാണം കൊണ്ട് ചുവന്ന കവിള്‍ത്തടം പോലെ വെയിലിന്റെ നിറം മാറും. ഉച്ചവെയിലിനോടൊപ്പം നില്‍ക്കണോ അതോ അന്തിവെയിലിനോടൊപ്പം പോകണോ എന്ന സംശയം മാറി മാറി മറിയുന്നതിനാല്‍ നാലുമണി വെയില്‍ നാട്യക്കാരിയാകും. നാലുമണിയിലെ നാണക്കാരി വെയിലിനെയാണ് കുട്ടികള്‍ മനസറിഞ്ഞു സ്നേഹിയ്ക്കുന്നത്. നാലുമണിയില്‍ നിന്നും നാഴികമണി അകലുമ്പോള്‍ പൊന്നില്‍ പൊതിഞ്ഞ അന്തിവെയില്‍ പൊന്നില്‍ കുളിച്ച നിലാവായി മാറും.”
Post Your Comments