KeralaLatest NewsNews

ആശാന്റെ ചിതയിലെകനല്‍ എരിഞ്ഞടങ്ങും മുന്‍പേ ഇങ്ങനെ ഒരു പരിദേവനം ഉണര്‍ത്തേണ്ടിവന്ന ഗതികേടിനെ ഓര്‍ത്ത് ലജ്ജിക്കുന്നു

നെടുമുടി ആശാന്റെ വിയോഗത്തില്‍ ഞാന്‍ തളര്‍ന്നു പോയി

കഴിഞ്ഞ ദിവസം വിടപറഞ്ഞ നടന്‍ നെടുമുടി വേണുവിന്റെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ‘അച്ചുവേട്ടന്റെ വീട്’ പരാമര്‍ശിക്കാത്തതില്‍ വേദന പങ്കിട്ട് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍.ബാലചന്ദ്ര മേനോന്റെ ഇരുപത്തഞ്ചാമത് ചിത്രമാണ് ‘അച്ചുവേട്ടന്റെ വീട്’. 2014 ഡിസംബറില്‍ ദുബായില്‍ നടന്ന സ്‌റ്റേജ് ഷോയില്‍ ഹൃദയത്തോട് താന്‍ ചേര്‍ത്തുപിടിക്കാന്‍ കൊതിക്കുന്ന കുറച്ചു കഥാപാത്രങ്ങളെടുത്താല്‍ തീര്‍ച്ചയായും ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ കൈയില്‍ കയറി പിടിക്കുമെന്ന് നെടുമുടി തന്നെ പറഞ്ഞ കാര്യം സൂചിപ്പിക്കുന്ന മേനോന്‍ തന്നെ കണ്ടില്ലെന്ന് നടിക്കുന്ന മാദ്ധ്യമ സുഹൃത്തുക്കള്‍ തോല്‍പ്പിച്ചത് നെടുമുടി ആശാനെത്തന്നെയാണെന്നും പറയുന്നു.

ബാലചന്ദ്ര മേനോന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം :

അതെ..
ആ അച്യുതന്‍ കുട്ടി തന്നെയാണ് ഈ കുറിപ്പ് എഴുതുന്നത് ..നിങ്ങള്‍ക്കൊക്കെ അറിയാം ബാലചന്ദ്രമേനോന്റെ 25 മതു ചിത്രമായ ‘അച്ചുവേട്ടന്റെ വീടി’ ലൂടെയാണ് ഞാന്‍ നിങ്ങളെ പരിചയപ്പെടുന്നതും നിങ്ങള്‍ എന്നെ മനസ്സിലേക്കു സ്വാഗതം ചെയ്തതും . അതിനു ഈയുള്ളവന് അങ്ങേയറ്റം നന്ദിയുമുണ്ട് ….
നെടുമുടി ആശാന്റെ വിയോഗത്തില്‍ ഞാന്‍ തളര്‍ന്നു പോയി . ആ ദുഃഖഭാരവുമായി അദ്ദേഹം അവതരിപ്പിച്ച മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം ഞാനും അഞ്ജലീബദ്ധനായി നിന്നു . എന്നാല്‍ കാര്യങ്ങള്‍ സത്യസന്ധമായി പൊതുജനത്തെ അറിയിക്കേണ്ട പല പ്രമുഖ മാധ്യമങ്ങള്‍ ഈയുള്ളവനെ നിഷ്‌ക്കരുണം മറന്നു എന്നത് എനിക്ക് ഏറെ വേദനയുണ്ടാക്കി എന്ന് പറയാതെ വയ്യാ. ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ആയ അച്ചുവേട്ടനെ നിങ്ങളുടെ പ്രതീക്ഷക്കൊപ്പം അവതരിപ്പിച്ച എന്നെ മറന്നത് പത്ര ധര്‍മ്മമാണോ എന്നു അവര്‍ തന്നെ ഒന്ന് ആലോചിച്ചു നോക്കണം …. .

read also: കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 57 പുതിയ കേസുകൾ

ശ്രദ്ധേയമായ നെടുമുടി ചിത്രങ്ങളുടെ കണക്കെടുത്തപ്പോഴും അഞ്ചോ ആറോ സീനുകളില്‍ മാത്രം ‘അദ്ദേഹം’ അഭിനയിച്ച ചിത്രങ്ങളെപ്പോലും ഓര്‍ത്ത് കുറിച്ച മാധ്യമങ്ങള്‍ ടൈറ്ററില്‍ റോളില്‍ വന്ന ‘അച്ചുവേട്ടന്റെ വീടി’ നെ മറക്കുന്നത് ഉചിതമാണോ ? അല്ലെങ്കില്‍ , പരാമര്‍ശനത്തിനു അര്‍ഹതയില്ലാത്ത ഒരു ചിത്രമായി അതിനെ കാണണം ..ആ സിനിമയെ നെഞ്ചിലേറ്റിയ നിങ്ങള്‍ പ്രേക്ഷകര്‍ അതിനു ഒരിക്കലും സമ്മതിക്കില്ല എന്ന് എനിക്കറിയാം . എന്തിനധികം പറയുന്നു ? നെടുമുടി ആശാന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിക്കപ്പെടുന്ന ഒരു ഫിലിം ഫെസ്റ്റിവലിലും ഈ അച്ചുവേട്ടന് ഇടം കിട്ടിയിട്ടില്ല എന്ന് പത്രത്തില്‍ വായിച്ചറിഞ്ഞപ്പോള്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ തമസ്‌ക്കരിക്കുന്നതു എന്ന സംശയം എനിക്ക് തോന്നാതിരുന്നില്ല. .

അപ്പോള്‍, ഇത് മൂല്യ ശോഷണമാണ് . ഗൃഹപാഠം നന്നായി നടത്താതെ ക്ലാസ് പരീക്ഷ്‌ക്കു വരുന്ന വിദ്യാര്‍ത്ഥിയുടെ നിലയിലേക്ക് മാധ്യമ പ്രവര്‍ത്തനം അധപതിച്ചു എന്നു കരുതി സമാധാനിക്കാനെ നിവൃത്തിയുള്ളു .
അച്ചുവേട്ടന് അതില്‍ ദുഖമുണ്ട് …

ഇനി ഒരു സ്വകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ .2014 ഡിസംബറില്‍ ദുബായില്‍ വച്ചു നടന്ന ‘ഇത്തിരി നേരം ഓത്തിരിംകാര്യം ‘എന്ന സ്റ്റേജ് ഷോയിലാണ് ഏറ്റവും ഒടുവില്‍ നെടുമുടി ആശാനും മേനോന്‍ സാറും ഒത്തു കൂടിയത് .. സര്‍വ്വശ്രീ മധു , യേശുദാസ്, മണിയന്‍പിള്ള രാജു, പൂര്‍ണ്ണിമ ജയറാം ,ലിസി, നൈലാ ഉഷ എന്നിവരും ആ മേളയില്‍ പങ്കെടുത്തിരുന്നു …അന്ന് വേദിയില്‍ നെടുമുടി ആശാന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു …
‘സ്‌നേഹിതരെ ….വലതും ചെറുതും നായകപ്രാധാന്യമുള്ളതുമായ ഒത്തിരി കഥാപാത്രങ്ങളെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട് …എന്നാല്‍ ഹൃദയത്തോടു ചേര്‍ത്ത് പിടിക്കാന്‍ കൊതിപ്പിക്കുന്ന കുറച്ചു കഥാപാത്രങ്ങളെ ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തീര്‍ച്ചയായും ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ കയ്യില്‍ കയറി പിടിക്കും …’
ഇതാണ് സത്യമെന്നിരിക്കെ കൂട്ടത്തില്‍ എന്നെ കണ്ടില്ലെന്നുനടിച്ച മാധ്യമ സുഹൃത്തുക്കളോടു ഞാന്‍ പറയുന്നു …നിങ്ങള്‍ എന്നെയല്ല തോല്‍പ്പിച്ചത് നെടുമുടി ആശാനേ തന്നെയാണ് …’അദ്ദേഹം’ അനശ്വരമാക്കിയ അച്ചുവേട്ടന്‍ തലമുറകള്‍ കഴിഞ്ഞും മനുഷ്യമനസ്സുകളില്‍ ഭദ്രമായിരിക്കും . എന്നാല്‍ ഇപ്പോള്‍ എന്നോട് ഈ അനീതി കാണിച്ച പലരും അപ്പോള്‍ ഉണ്ടായി എന്നിരിക്കില്ല …

ചിതയിലെ കനല്‍ എരിഞ്ഞടങ്ങും മുന്‍പേ ഇങ്ങനെ ഒരു പരിദേവനം ഉണര്‍ത്തേണ്ടി വന്ന എന്റെ ഗതികേടിനെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു ……എന്ത് ചെയ്യാം. എനിക്ക് വേണ്ടി പറയാന്‍ ഞാന്‍ മാത്രമേയുള്ളു …എന്നോട് ക്ഷമിക്കുക ….
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ അച്ചുവേട്ടന്‍ ….

shortlink

Related Articles

Post Your Comments

Related Articles


Back to top button