വാഷിങ്ടൻ: കഴിഞ്ഞദിവസം ഗവേഷകർക്കു ലഭിച്ചത് രണ്ടാം ലോകമഹായുദ്ധത്തിൽ യുഎസിന്റെ അഭിമാന യുദ്ധക്കപ്പലായിരുന്ന യുഎസ്എസ് ഇന്ത്യാനപൊളിസിന്റെ (സിഎ 35) അവശിഷ്ടങ്ങളാണ്. ഇത്രയും പഴക്കമേറിയ കപ്പലിന്റെ അവശിഷ്ടങ്ങൾ 18,000 അടി താഴ്ചയിൽനിന്ന് ലഭിക്കുന്നത് അപൂർവമാണ്.
നോർത്ത് പസഫിക് സമുദ്രത്തിൽ ഫിലിപ്പീൻസ് തീരത്തോടുചേർന്നുള്ള കടലിൽനിന്നു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മനുഷ്യസ്നേഹിയുമായ പോൾ ജി. അലന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഗവേഷകസംഘത്തിൽ 13 പേരാണ് ഉണ്ടായിരുന്നത്. യുഎസ്എസ് ഇന്ത്യാനപൊളിസ് രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ ബോംബുവേധ അന്തർവാഹിനി ആക്രമണത്തിലാണ് തകർന്നത്. 1945 ജൂലായ് 30ന് ആക്രമണത്തെതുടർന്ന് കപ്പൽ മുങ്ങിപ്പോയി.
ജപ്പാന്റെ ആക്രമണമേറ്റ കപ്പൽ 12 മിനിറ്റിനുള്ളിൽ പൂർണമായും മുങ്ങിത്താഴുകയായിരുന്നു. അപകട സന്ദേശം അയക്കാനുള്ള സമയംപോലും കിട്ടിയില്ല. ഈ സമയത്തിനിടെ നാവികരും മറ്റു ജീവനക്കാരുമുൾപ്പെടെ 1,196 പേരിൽ 800 പേർ കടലിലേക്കു ചാടി രക്ഷപ്പെട്ടു.
എന്നാൽ നാലഞ്ചു ദിവസം ഇവർക്കു കടലിൽത്തന്നെ കഴിയേണ്ടി വന്നു. പതിവു പട്രോളിങ്ങിനിടെ മറ്റൊരു കപ്പലാണ് അവശരായ നാവികരെ കണ്ടത്. ഇതിനിടെ പ്രതികൂല കാലാവസ്ഥയും നിർജലീകരണവും സ്രാവുകളുടെ ആക്രമണവും രോഗങ്ങളും മൂലം ഇതിൽപ്പലരും മരിച്ചു. ആകെ 316 പേർ മാത്രമെ ഒടുവിൽ രക്ഷപെട്ടത്. ജീവനക്കാരിൽ 22 പേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. കപ്പലിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു സ്മാരകമാക്കി സംരക്ഷിക്കാനുള്ള ശ്രമങ്ങൾ യുഎസ് നേവി ആരംഭിച്ചു.
Post Your Comments