ഇസ്താംബൂള്‍: ഘാനയിലെ തന്റെ ചെറിയ ഗ്രാമത്തില്‍ അപ്രതീക്ഷതമായി എത്തിയ ഡ്രോണ്‍ കണ്ട് ഹസ്സന്‍ അബ്ദുല്ല എന്ന വയോധികന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹസ്സന്‍ അബ്ദുല്ലയുടെ വീടിന് മുന്നില്‍ എത്തിയത് ചിത്രീകരണത്തിനായി എത്തിയ തുര്‍ക്കിഷ് ചലചിത്ര പ്രവര്‍ത്തകന്റെ ഡ്രോണാണ്. ഇതിനേക്കാള്‍ വലിയ ഒരെണ്ണമുണ്ടെങ്കില്‍ എനിക്ക് മക്കയിലെ പുണ്യഭൂമിയിലെത്തി ലക്ഷങ്ങള്‍ക്കൊപ്പം ഹജ്ജ് ചെയ്യാമായിരുന്നു എന്നാണ് ഡ്രോൺ കണ്ട അബ്ദുള്ള പറഞ്ഞത്.
ഡ്രോണ്‍ ക്യാമറെയ നോക്കി ആശ്ചര്യത്തോടെയും അത്ഭുതത്തോടെയുമാണ് അബ്ദുല്ല സംസാരിച്ചത്. ഇതുപോലെ ഒരു വലിതൊന്നുണ്ടെങ്കില്‍ പറന്ന് തന്റെ ചിരകാല അഭിലാഷമായ ഹജ്ജ് കര്‍മ്മം നിര്‍ഹിക്കാനാകുമെന്ന് ചലചിത്ര പ്രവര്‍ത്തകനോട് പറഞ്ഞു. ഇക്കാര്യം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ചലച്ചിത്ര പ്രവര്‍ത്തകന്‍ പങ്കുവെച്ചതോടെ തുര്‍ക്കിയില്‍ ഇത് വൈറലായി മാറി. ഇത് ശ്രദ്ധയില്‍പ്പെട്ട തുര്‍ക്കി വിദേശകാര്യ മന്ത്രി മെല്യൂട്ട് കാസ്വോലു ഹസ്സന്‍ അബ്ദുല്ലയെ സൗദിയിലെത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കി. അബ്ദുല്ലയെ വെള്ളിയാഴ്ച തുര്‍ക്കി ചാരിറ്റി ഘാനയില്‍ നിന്ന് ഇസ്താംബൂളിലെത്തിച്ചു. ഇനി അദ്ദേഹം ഇവിടെ നിന്ന് അടുത്ത ദിവസം തന്നെ മക്കയിലേക്ക് പറക്കും.
തുര്‍ക്കിയില്‍ വന്നിറങ്ങിയപ്പോള്‍ അബ്ദുല്ല പറഞ്ഞത് തുര്‍ക്കിഷ് ജനതയുടെ അനുഗ്രഹത്തോടെ തനിക്ക് ഇവിടെ എത്താനായതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നാണ്. ദൈവത്തോട് നന്ദിയുള്ളവനാണ് താൻ. എല്ലാവരുടേയും സ്വപ്‌നങ്ങള്‍ ശരിയായി നടക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments