2013ലെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ പൊലീസ് നിരത്തിയ പ്രധാന തെളിവുകളിലൊന്നായിരുന്നു പഞ്ചാബിനെതിരെ വിവാദ ഓവര്‍ എറിഞ്ഞപ്പോള്‍ അരയില്‍ ടവ്വല്‍ തിരുകി എന്നത്. വാതുവെപ്പുകാര്‍ക്ക് സൂചന നല്‍കുന്നതിന്റെ ഭാഗമായിരുന്നു അരയില്‍ ആ ടവ്വല്‍ തിരുകിയതെന്നും ഡല്‍ഹി പോലീസ് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ എന്തിനാണ് താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്നതിന് പരസ്യമായി വിശദീകരണം നല്‍കിയിരിക്കുകയാണ് ശ്രീശാന്ത്.
അമ്പയര്‍ കുമാരധര്‍മ്മ സേനയോട് ആ ഓവര്‍ എറിയുന്നതിന് മുമ്പേ ഞാന്‍ ടവ്വല്‍ ഉപയോഗിക്കാന്‍ അനുവാദം വാങ്ങിയിരുന്നു. തീര്‍ച്ചയായും സ്റ്റമ്പ് മൈക്രോഫോണ്‍ അത് ഒപ്പിയെടുത്തിട്ടും ഉണ്ടാകും. ഡൊണാള്‍ഡിനെ പോലെ പന്തെറിയുന്നതിന് മാത്രമായിരുന്നു ഞാനന്ന് അപ്രകാരം ചെയ്തത്’ ശ്രീശാന്ത് പറയുന്നു. താന്‍ വെറും 10 ലക്ഷം രൂപയ്ക്ക് തന്റെ കരിയറും ജീവിതവും നശിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കുന്ന ശ്രീശാന്ത് ഒരു പത്ത് കോടി രൂപയെങ്കിലും തനിക്ക് നേരെ ആരോപിക്കാമായിരുന്നെന്നും ഡല്‍ഹി പോലീസിനെ പരിഹസിക്കുന്നു.
‘ജിത്തു ജനാര്‍ദ്ദനന്‍ എന്നോട് ആം ബാന്‍ഡോ, ടൗവലോ, സിന്ദൂരക്കുറിയോ അതുപോലുളള എന്തെങ്കിലോ തിരിച്ചറിയാനായി ധരിക്കണമെന്ന് പറഞ്ഞതായി അവര്‍ ആരോപിക്കുന്നു. ഞാനതെല്ലാം ഉപയോഗിച്ചിരുന്നു. കാരണം ഞാന്‍ അലന്‍ ഡൊണാള്‍ഡിനെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരുന്നു അത്. ഇക്കാര്യങ്ങളെല്ലാം ഞാന്‍ മുമ്പും ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ മുഖത്ത് ഡൊണാള്‍ഡിനെ പോലെ വളരെ കൂടുതല്‍ സിനിക്ക് ഓക്‌സൈഡ് തേക്കാറുണ്ടായിരുന്നു. അതെല്ലാം അര്‍ത്ഥമാക്കുന്നത് ഞാന്‍ അപ്പോഴെല്ലാം ഒത്തുകളിക്കുകയായിരുന്നു എന്നാണോ? ഈ സാധനങ്ങളെല്ലാം ഉപയോഗിക്കുമ്പോള്‍ എന്റെ പന്തേറ് മോശമാകില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ വിധിയില്‍ വ്യക്തത തേടി ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിധി നടപ്പാക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കണമെന്ന് വിധിയുണ്ടായിട്ടും സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിന്റെ ഹര്‍ജി. ഇത് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
ശ്രീശാന്തിന് സ്‌കോട്ടിഷ് ലീഗില്‍ കളിക്കണമെങ്കില്‍ ബിസിസിയുടെ എന്‍ഒസി ആവശ്യമാണ്. എന്നാല്‍, ഹൈക്കോടതി വിലക്കു നീക്കിയിട്ടും ബിസിസിഐ എന്‍ഒസി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് വീണ്ടും കോടതിയിലെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിന് ലീഗ് അവസാനിക്കാനിരിക്കെ അതിനു മുന്‍പ് എന്‍ഒസി നല്‍കണമെന്നാണ് ആവശ്യം. വാതുവയ്പില്‍ ശ്രീശാന്തിനെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നു വിലയിരുത്തി കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ആജീവനാന്ത വിലക്കും ശിക്ഷാനടപടിയും റദ്ദാക്കിയിരുന്നു. ഇതിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കാനും തയ്യാറായിരുന്നു.
Post Your Comments