ക്രിമിനലുകൾക്ക് ഏറ്റവും നല്ല രീതിയിലുള്ള പരിഗണന ലഭിക്കുന്ന നാടേതെന്നു ചോദിച്ചാൽ നിസംശയം പറയാവുന്ന ഉത്തരമാണ് “ദൈവത്തിന്റെ സ്വന്തം” നാടായ (ഇത് ദൈവത്തിന് അറിയാമോ, എന്തോ) കേരളം എന്നത്. കുറ്റകൃത്യങ്ങൾ നടത്തി എത്രയും പെട്ടെന്ന് തറവാടായ ജയിലില്‍ എത്താന്‍ വേണ്ടി കൊതിക്കുന്നവരാണ് ഇവിടെയുള്ള പരിചയസമ്പന്നരായ ക്രിമിനലുകളില്‍ ഭൂരിഭാഗവും. കാരണം, പുറത്തു വച്ച് ഏതെങ്കിലും കൊട്ടേഷന്‍ ടീമിന്‍റെ വാളിനും, വടിയ്ക്കും മുന്നില്‍ നിന്ന് “പുരുഷു എന്നോട് ക്ഷമിക്കണം” എന്നു പറയാനിട വരുത്താതെ, ഏറ്റവും മികച്ച സൗകര്യങ്ങളും, സുരക്ഷിതത്വവും വാഗ്ദാനം ചെയ്ത് ജയിലുകള്‍ അവരെ മാടിമാടിവിളിക്കുകയാണ്. സൗകര്യങ്ങളെന്നു വെറുതേ പറഞ്ഞാല്‍ മാത്രം പോരാ, ഈ പറഞ്ഞ ‘പാവം’ ക്രിമിനലുകള്‍ക്ക് അവരുടെയൊക്കെ വീടുകളില്‍ ലഭിക്കുന്നതിനെക്കാളും തികച്ചും സുഖലോലുഭമാണ് കാര്യങ്ങള്‍. അതു കൊണ്ടു തന്നെ അവര്‍ക്ക് ശിക്ഷകളും, ജയില്‍വാസവും ഒക്കെ ഒരു തരത്തില്‍ അനുഗ്രഹമാണ്. പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുനില്‍ കുമാര്‍ അഥവാ പള്‍സര്‍ സുനിയ്ക്കും ഇത്തരത്തിലുള്ള ‘അനുഗ്രഹം’ കിട്ടിയിരിക്കുകയാണ്.
തികച്ചും നാടകീയമായ രംഗങ്ങള്‍ക്കു ശേഷം കോടതിയുടെ പടിയില്‍ വച്ചാണ് പള്‍സര്‍ സുനിയെ പോലീസ് കീഴടക്കുന്നത്. പഴയ ശോഭരാജൊക്കെ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അതു കണ്ട് ചിരിച്ചേനെ! അടുത്ത നിമിഷം തന്നെ ‘ക്രിമിനല്‍’ പദവിയില്‍ നിന്നും സുനിക്കുട്ടനെ നീക്കം ചെയ്യാനുള്ള ഓര്‍ഡറും കൊടുത്തേനെ, ഉറപ്പ്. അങ്ങനെ, ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ഒളിവില്‍ പോയ സുനിയെ പോലീസ് കീഴടക്കുമ്പോള്‍, കേരളത്തിലെ ജനങ്ങള്‍ ഏറെ സന്തോഷിച്ചു. നടിയാണോ അല്ലയോ എന്നുള്ളതല്ല, നാട്ടിൽ ഒരു സ്ത്രീയ്ക്കു നേരെ നടന്ന ക്രൂരമായ ആക്രമണത്തിന് കാരണമായ ആളെ അറസ്റ്റു ചെയ്തല്ലോ, ആൾക്ക് കടുത്ത ശിക്ഷ കിട്ടുമല്ലോ എന്നൊക്കെ ജനം ആശ്വസിച്ചു. പക്ഷെ, അവരുണ്ടോ അറിയുന്നു നമ്മുടെ നാട്ടിൽ ക്രിമിനലുകളെ ശിക്ഷിക്കാനുള്ള നിയമങ്ങളൊന്നും നിലവിലില്ല എന്ന്! അതു മാത്രമല്ല, പൾസർ സുനി എന്ന തനിത്തങ്കത്തിന് സ്വാമി വിവേകാന്ദനെക്കാളും കുറച്ചു കൂടെ മുകളിൽ ഒരു സ്ഥാനം കൊടുത്ത് ഇരുത്തി, ആ മഹാന്റെ വാക്കുകൾ സ്വർണ്ണ ലിപികളിൽ എഴുതി ഫ്രെയിം ചെയ്തു സൂക്ഷിക്കുകയും ചെയ്യുന്നു. അതാണ് പൾസർ സുനിയുടെ “വെളിപ്പെടുത്തലിന്റെ പുസ്തകം”.
അറസ്റ്റിലായ ദിവസം മുതൽ പൾസർ സുനി വെളിപ്പെടുത്തുകയാണ്. അഹോരാത്രം നീണ്ടു നിൽക്കുന്ന വെളിപ്പെടുത്തൽ. നടൻ ദിലീപ് കൊടുത്ത കൊട്ടേഷൻ കാരണമാണ് താൻ നടിയെ ആക്രമിച്ചത് എന്ന് ആദ്യം വെളിപ്പെടുത്തി, അതും സ്വർണ്ണം കിട്ടാത്തതു കൊണ്ട് സാധാരണ റീഫില്ലർ പേനയിൽ എഴുതിയ ഒരു കത്തിലൂടെ. നേരിട്ട് കണ്ടിട്ടില്ലാത്ത, മൊബൈൽ നമ്പർ പോലും അറിയാത്ത ഒരാൾ സുനിയ്ക്ക് ഒന്നരക്കോടി രൂപയുടെ കൊട്ടേഷൻ കൊടുക്കുന്നു, അതും ‘പയിനായിരം’ എന്ന കനത്ത തുക അഡ്വാൻസ് കൊടുത്തുകൊണ്ട്! എന്താല്ലേ! അങ്ങനെ സുനി സാമിയുടെ ആദ്യത്തെ വെളിപ്പെടുത്തലിൽ നടൻ ദിലീപ് അറസ്റ്റിലായി. ശേഷം സ്വാമിജി തന്റെ വെളിപ്പെടുത്തൽ പ്രക്രിയയിൽ ചില മാറ്റങ്ങൾ വരുത്തി, പേരുകളൊന്നും വെളിപ്പെടുത്താതെ ഓരോരുത്തരെയും ‘വി.ഐ.പി’, ‘മാഡം’, ‘വമ്പൻ സ്രാവ്’, ‘ചെറിയ മീൻ’, ‘നെത്തോലി’ എന്നൊക്കെ മാത്രം അഭിസംബോധന ചെയ്യുന്ന പുതുപുത്തൻ ശൈലി പുറത്തെടുത്തു. ആര് എന്തു ചോദിച്ചാലും, ‘വമ്പൻ സ്രാവ് കുടുങ്ങും’, ‘മാഡം ആരെന്ന് വെളിപ്പെടുത്തും’, ‘വി.ഐ.പി പറയും’ എന്നൊക്കെ മാത്രമേ പുള്ളിക്കാരൻ മൊഴിയുള്ളൂ. അത് കേൾക്കാനായി പോലീസുകാർ കാതോർത്ത് കാവൽ നിൽക്കുകയും ചെയ്യുന്നു. പാവം പോലീസുകാർ.
“ആയിരം നിരപരാധികളുടെ വാക്കുകൾക്ക് ചെവി കൊടുത്തില്ലെങ്കിലും, ഒരു ക്രിമിനലിന്റെ വാക്കിന് പൊൻവില കൊടുക്കണം” എന്ന മനോഹരമായ തത്വത്തിലൂന്നി നീങ്ങുന്ന കേരളാ പൊലീസിന് പൾസർ സുനിയുടെ വാക്കുകൾ കേൾക്കാതിരിക്കാൻ കഴിയില്ല എന്നത് മറ്റൊരു നഗ്ന സത്യമാണ്. പ്രസ്തുത കേസിൽ പോലീസിനെ നയിക്കുന്നത് തന്നെ പൾസർ സുനിയാണ്. പീഡന ദൃശ്യം പകർത്തിയ മൊബൈൽ, സുനി സാർ ഏതൊക്കെ സ്ഥലങ്ങളിൽ കുഴിച്ചിട്ടു എന്നതിന്റെ കണക്കെടുപ്പു പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല. ശവപ്പറമ്പിനടുത്ത് ഒരു ടൂ സീറ്റർ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ, അവിടെ കുഴിച്ചിട്ടിരുന്ന ശവങ്ങളില്‍ ചിലത് തോണ്ടി പുറത്തെടുത്തിട്ട് “പത്തു പേരുടെ ശവങ്ങൾ കിട്ടി സാർ. ബാക്കി തിരയുകയാണ്” എന്ന് പറഞ്ഞ ഏതോ ഒരു പഴയ മണ്ടന്‍ തന്നെയാണ് ഇവരെക്കാളുമൊക്കെ ഭേദം. മൊബൈൽ കണ്ടു പിടിക്കുമോ, ഇല്ലയോ എന്നത് കണ്ടറിയാം. എന്നാലും, പള്‍സര്‍ സ്വാമി തന്‍റെ വെളുപ്പെടുത്തലുകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. ഡൊണാള്‍ഡ് ട്രംപ്, ലയണല്‍ മെസി ഇങ്ങനെയുള്ള വമ്പന്‍ സ്രാവുകളും ഉടനെ കുടുങ്ങും എന്നാണ് അറിയാന്‍ സാധിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത്, പള്‍സര്‍ സുനി തന്‍റെ പുതിയ എഴുത്തിന്‍റെ പണിപ്പുരയിലാണെന്നാണ്. ‘മാഡം’ ആരെന്ന് വെളിപ്പെടുത്തിയിട്ടേ ഇനി മറ്റൊരു വെളിപ്പെടുത്തലിന് താന്‍ തയ്യാറാകൂ എന്ന ഉറച്ച തീരുമാനത്തിലാണ് പുള്ളിക്കാരന്‍. അക്കാര്യം പോലീസുകാരോടോന്നും പറയില്ലാത്രെ, കാരണം സുനിയുടെ തറവാട്ടിലെന്താ പോലീസുകാര്‍ക്ക് കാര്യം? ഇപ്പോൾ കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ശ്വാസം പിടിച്ച് കാത്തിരിക്കുകയാണ് (കാരണം അവര്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ), പള്‍സര്‍ സുനിയുടെ പുതിയ ‘വെളിപ്പെടുത്തിലിന്റെ പുസ്തകം’ റിലീസാകുന്നതും കാത്ത്. ആരാകും ആ മാഡം? ടെന്‍ഷന്‍ ടെന്‍ഷന്‍ സര്‍വ്വത്ര ടെന്‍ഷന്‍. എന്തായാലും ഒരു നറുക്കെടുപ്പ് സംവിധാനം കൂടെ ജയിലില്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഒരുപക്ഷെ സുനി ഒന്നിലധികം മാഡങ്ങളെ വെളിപ്പെടുത്തിയാൽ അവരിൽ ആരെയെങ്കിലും ഒരാളെ നറുക്കിട്ട് തീരുമാനിക്കാല്ലോ. അതല്ലേ ജനാധിപത്യരീതി, അതല്ലേ സോഷ്യലിസം. എന്തായാലും നമുക്ക് കാത്തിരിക്കാം, ‘പാവം’ സുനിയുടെ പുതിയ പുസ്തകത്തിനായി
Post Your Comments