യുവാവിന്റെ മോശം പെരുമാറ്റം ചോദ്യചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഇൻഡോർ: ജിമ്മില്‍ മോശമായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമർദ്ദനം. യുവതിയെ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പുനീത് മാളവ്യ എന്ന 23 കാരനെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ജിമ്മിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് പുനീത് യുവതിയോട് മോശമായി പെരുമാറുകയും ഇത് യുവതി പരിശീലകനോട് പരാതിപ്പെടുകയും ചെയ്‌തു. തുടർന്ന് യുവാവ് യുവതിയുടെ തൊട്ടടുത്തെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇയാള്‍ യുവതിയെ ആവര്‍ത്തിച്ച് ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ജിമ്മിലുള്ളവര്‍ യുവാവിനെ തടഞ്ഞെങ്കിലും ഇയാള്‍ വീണ്ടും യുവതിയെ മര്‍ദിക്കുകയായിരുന്നു.

ജിം പരിശീലനത്തിനിടെ തന്നെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരിശീലകനോട് പരാതിപ്പെട്ടത്. യുവാവിനെതിരെ പീഡനക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ശശികാന്ത് വ്യക്തമാക്കി.

Share
Leave a Comment