
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 11 വയസുകാരിയായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. മമ്പാട് പുള്ളിപ്പാടം കാരച്ചാൽ സ്വദേശി കാട്ടിപൊയിൽ കെ സുധീഷ് മോനെ(31)യാണ് കോടതി ശിക്ഷിച്ചത്. ജഡ്ജ് കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്.
2017-2018 കാലയളവിൽ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതി പിഴ തുക അടക്കുന്ന പക്ഷം ഇരക്ക് നൽകാനും കോടതി വിധിച്ചു.
നിലമ്പൂർ സബ് ഇൻസ്പെക്ടർമാരായിരുന്ന റസിയ ബംഗാളത്, എ സജിത്, ശശികുമാർ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി.
Post Your Comments