കൊല്‍ക്കത്ത•പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന എല്ലാവരെയും അതിശയിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് പറഞ്ഞ മമത ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ അന്തരീക്ഷമാണ്’ നിലനില്‍ക്കുന്നതെന്ന് ഷായെ വിമര്‍ശിച്ചുകൊണ്ട് മമത പറഞ്ഞു.
“എനിക്ക് നരേന്ദ്രമോദിയോട് ആഭിമുഖ്യമുണ്ട്. ഞാന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തില്ല. ഞാന്‍ എന്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തണം? അത് അദ്ദേഹത്തിന്റെ പാര്‍ട്ടി നോക്കിക്കൊള്ളും”-മമത സി.എന്‍.എന്‍-ന്യൂസ്18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, മമത ബി.ജെ.പി അധ്യക്ഷനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. “എല്ലാവര്‍ക്കും ഭയമാണ്. സൂപ്പര്‍ സ്വേച്ഛാധിപത്യമാണ് നടക്കുന്നത്. എങ്ങനെയാണ് ഒരു പാര്‍ട്ടി അധ്യക്ഷന് മന്ത്രിമാരുടെ യോഗം വിളിക്കാന്‍ സാധിക്കുക? ആരാണ് പ്രധാനമന്ത്രി-മോദിയോ അമിത് ഷായോ”- മമത ചോദിച്ചു.
മമതയുടെ പ്രസ്താവന ഇതിനകം തന്നെ ഭിന്നിച്ച് നില്‍ക്കുന്ന പ്രതിപക്ഷനിരയെ ഒന്നുകൂടി ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രത്തില്‍ നിന്നും ധനസഹായം വേണം. അതാകാം അവര്‍ മോദിയെ അനുകൂലിച്ച് രംഗത്ത് എത്തിയതിന് കാരണമെന്നും അവര്‍ വിലയിരുത്തുന്നു.
മമതയുടെ മോദി അനുകൂല പ്രസ്താവനയെ ബി.ജെ.പി വക്താവ് സംബിത് പത്ര സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികള്‍ക്കുള്ള സ്വീകാര്യതയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലം നീണ്ട പോരിനൊടുവില്‍ മമത ക്രമേണ പ്രധാനമന്ത്രി മോദിയെ അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണ്. അതുപോലെ ക്രമേണ അവര്‍ അമിത് ഷായേയും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമതയുടെ ഏകാധിപത്യ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി നേതാവ് ചന്ദ്ര ബോസ് രംഗത്തെത്തി. മമതയുടെ പാര്‍ട്ടിയിലാണ് ഏകാധിപത്യമെന്ന് പറഞ്ഞ അദ്ദേഹം, ആരെങ്കിലും ആ പാര്‍ട്ടിയില്‍ മമതയ്ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവര്‍ പിന്നെ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments