ന്യൂഡല്‍ഹി : ഓരോ ദിവസം കഴിയുന്തോറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിച്ചു വരികയാണെന്നും അത് ഉള്‍ക്കൊള്ളാനാകാത്തതിനാലാണു പാര്‍ട്ടിക്കും ആര്‍എസ്എസിനുമെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തുന്നതെന്നും ബിജെപി. നാടുവാഴിയുടെ ധാര്‍ഷ്ട്യത്തിന്റെ ദുര്‍ഗന്ധമാണ് രാഹുലിന്റെ പരാമര്‍ശങ്ങളായി വരുന്നത്. മാധ്യമശ്രദ്ധ നേടാനാണിതെന്നും ബിജെപി നേതാവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.
രാഷ്ട്രീയത്തെക്കുറിച്ചും ഭരണനിര്‍വഹണത്തെക്കുറിച്ചുമുള്ള രാഹുല്‍ ഗാന്ധിയുടെ ധാരണ ദയനീയമാണ്. ഇതിന്റെയെല്ലാം മുകളില്‍ മാധ്യമശ്രദ്ധ നേടിയെടുക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നത്. ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ ഭാവിയെ കുറച്ചുകാണിക്കുന്നുവെന്നും റാവു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന രാഹുലിനെതിരെ ബിജെപി നേതാവ് എസ്. പ്രകാശും രംഗത്തെത്തി. സംഘടനയ്‌ക്കെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തുന്നതിനു മുന്‍പ് രാഹുല്‍ ആര്‍എസ്എസിന്റെ ചരിത്രം വായിക്കണം. രാജ്യസ്‌നേഹം എന്താണെന്നോ ആര്‍എസ്എസ് നടത്തിയ ത്യാഗങ്ങള്‍ എന്താണെന്നോ രാഹുലിന് അറിയില്ല. പരാമര്‍ശങ്ങള്‍ നടത്തുന്നതിനു മുന്‍പ് രാഹുല്‍ ചരിത്രം പഠിക്കണം – പ്രകാശ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിഭാഗീയ അജന്‍ഡയുമായാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ ഭരണഘടന മാറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും രാഹുല്‍ ഇന്നലെ സഞ്ജി വിസാറത്ത് ബച്ചാവോ പരിപാടിയില്‍ പങ്കെടുക്കവെ വ്യക്തമാക്കിയിരുന്നു. മോദി ജനങ്ങള്‍ക്കുമുന്നില്‍ കള്ളങ്ങളാണ് വില്‍ക്കുന്നതെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ഒരുമിച്ചുനിന്നു പോരാടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments