ഇസ്ലാമാബാദ്: ഹിസ്ബുൾ മുജാഹുദീനെ അനുകൂലിച്ച് പാക്കിസ്ഥാൻ രംഗത്ത്. കാഷ്മീർ താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഹിസ്ബുൾ മുജാഹുദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിക്കു എതിരെയാണ് പാക്കിസ്ഥാൻ രംഗത്ത് വന്നിരിക്കുന്നത്. ഹിസ്ബുളിനെ ഭീകരസംഘടയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് നീതികരിക്കാൻ കഴിയില്ല.യുഎസ് നടപടി നിരാശപ്പെടുത്തിയെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ പറഞ്ഞു. യുഎസ് നീക്കം യാതൊരു വിധത്തിലും 70 വർഷം പഴക്കമുള്ള കാഷ്മീരികളുടെ സ്വാതന്ത്ര്യ പോരാട്ടത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഷ്മീരിൽ നടന്ന നിരവധി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഹിസ്ബുൾ മുജാഹിദീൻ ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുൾ മുജാഹുദീൻ കമാൻഡറായിരുന്ന ബുർഹൻ വാനിയെ കഴിഞ്ഞ വർഷം സുരക്ഷാ സേന വധിച്ചതിനെ തുടർന്നാണ് ജമ്മു കാഷ്മീരിൽ സ്ഥിതിഗതികൾ വഷളായത്. ഇതിനുശേഷം സുരക്ഷാ സേനയ്ക്കു നേർക്ക് തുടർച്ചയായി ആക്രമണങ്ങളുണ്ടായി. ജനക്കൂട്ടം തെരുവിൽ സൈന്യത്തെ നേരിടുന്ന നിലയിലേക്കു കാര്യങ്ങളെത്തി.
സംഘടനയുടെ പുതിയ തലവനായി മുഹമ്മദ് ബിൻ ഖാസിം ചുമതലയേറ്റതിനു പിന്നാലെയാണ് യുഎസിന്റെ വിലക്ക്. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ബുർഹൻ വാനിയുടെ പിൻഗാമിയായ യാസീൻ ഇറ്റൂ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഖാസിം ചുമതലയേറ്റത്.
പാക്കിസ്ഥാനിൽ ആസ്ഥാനമുള്ള ഹിസ്ബുൾ മുജാഹിദീൻ നേതാവ് സയിദ് സലാഹുദീനെ രണ്ടു മാസം മുന്പ് ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ചിരുന്നു.ബുധനാഴ്ചയാണ് ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് പ്രഖ്യാപനം നടത്തിയത്. സംഘടനയ്ക്ക് യുഎസിൽ ഉള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നതായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. സംഘടനയുമായി പണമിടപാടുകൾ നടത്തുന്നതിന് യുഎസ് പൗരൻമാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments