കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ അറിയിച്ച് തന്നെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് ഇക്കാര്യം പറഞ്ഞത്. ഇന്ന് ഗോരഖ്പൂരില്‍ ശ്വാസം മുട്ടി മരിച്ച കുട്ടികളുടെ ഓര്‍മ്മ ദിവസമാണ്. പശുവിന്റെ പേരില്‍ നിസഹായരെ തല്ലിക്കൊല്ലുകയും ദളിതരെ ജീവനോടെ ചുട്ടുകൊല്ലുകയും ജാതിയുടെ പേരില്‍ കൂട്ടക്കൊലകള്‍ നടപ്പിലാക്കുകയും ചെയ്യുന്ന രാജ്യമായി നമ്മള്‍ മാറിയെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങൾ അയച്ചുതന്ന് എന്നെ
ശ്വാസം മുട്ടിച്ച് കൊല്ലരുത്-
എഴുപത്തിനാലു കുഞ്ഞുങ്ങൾ
ശ്വാസം കിട്ടാതെ മരിച്ചതിന്റെ
ഓർമ്മയാണിന്നത്തെ ഈ സ്വാതന്ത്ര്യദിനം –
പശുവിനെച്ചൊല്ലി നിസ്സഹായരായ
ഗ്രാമീണരെ കാടൻ നീതികളാൽ
തല്ലിക്കൊല്ലുന്ന –
ദളിതരെ ജീവനോടെ ചുട്ടുകൊല്ലുന്ന-
ജാതിയുടെ പേരിൽ കൂട്ടക്കൊലകൾ
നടപ്പാക്കുന്ന
ഒരു രാജ്യത്ത്
സ്വാതന്ത്ര്യം എന്നത് മൂന്നുവർണ്ണങ്ങളിൽ
പൊതിഞ്ഞ് നൽകുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന
നിരക്ഷരരുടേയും
ദരിദ്രരുടേയും രാജ്യം
എഴുപതു വർഷം കൊണ്ട് എന്താണു നേടിയത്?
ശ്വസിക്കാനുള്ള ശുദ്ധവായു?
കുടിക്കാനുള്ള ശുദ്ധജലം?
വിശപ്പകറ്റാനുള്ള ആഹാരം?
ഇന്നു കുഞ്ഞുങ്ങളാണു
ഓക്സിജൻ കിട്ടാതെ മരിച്ചതെങ്കിൽ
വരും ദിവസങ്ങളിൽ
ഈ രാജ്യംതന്നെ ജീവവായു ലഭിക്കാതെ ശ്വാസം മുട്ടി ചത്തുപോയാലും
ഒരക്ഷരം ശബ്ദിക്കാതെ
സ്വാതന്ത്ര്യദിന കച്ചേരി നടത്തുന്ന
അധികാരികൾക്കും അണികൾക്കുമിടയിൽ
ചോദ്യങ്ങൾ ചോദിക്കുവാനും
സംശങ്ങൾ പ്രകടിപ്പിക്കുവാനും
മനസ്സുകൊണ്ടെങ്കിലും നമുക്ക് കഴിഞ്ഞാൽ –
ത്രിവർണ്ണ കടലാസ്
നെഞ്ചിൽ തറക്കുവാനുള്ള
ഒരു സൂചിയെങ്കിലും ആകുവാൻ നമുക്ക് സാധിച്ചാൽ
സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചൊരിഞ്ഞവരോടുള്ള
ആദരവായിരിക്കും അത്
Post Your Comments