ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യമായ ഇടപെടലുകള്‍ക്കെതിരെ തുറന്നടിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്യദിന പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ വിസമ്മതിച്ച ദൂരദര്‍ശന്‍ നടപടിയെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.
സര്‍ക്കാരിന്റെ സ്വന്തമായ ദൂരദര്‍ശന്‍ ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ സ്വകാര്യ സ്വത്തല്ലെന്ന് യെച്ചൂരി ട്വീറ്ററിലൂടെ വിമര്‍ശിച്ചു. മാത്രമല്ല മണിക് സര്‍ക്കാരിന്റെ പ്രസംഗം ഡിഡി ത്രിപുരയിലൂടെ സംപ്രേക്ഷണം ചെയ്യാന്‍ ദുരദര്‍ശന്‍ വിസമ്മതിച്ചത് കടുത്ത ജനാധിപത്യ- നിയമ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ വിസ്സമതിച്ചതായി അറിയിക്കുന്ന സിപിഐഎം ഔദ്യോഗിക ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ സ്വരം പോലും അടിച്ചമര്‍ത്തുകയാണ്. ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത് എല്ലാവരുടെയും രാഷ്ട്രമാണ്. ഇതല്ല ഏകാധിപത്യ ഭരണവും അടിയന്തരാവസ്ഥയും എങ്കില്‍ പിന്നെന്താണെന്നും അദ്ദേഹം ട്വീറ്ററിലൂടെ ചോദിക്കുന്നു. ഇതിനെതിരെ സിപിഐഎമ്മും ത്രിപുരയിലെ ജനങ്ങളും പ്രതികരിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments