Latest NewsNewsGulf

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തും

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച തൊണ്ണൂറ്റി അയ്യായിരം പേരെ തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷ വിഭാഗം മേധാവി അറിയിച്ചു. പെര്‍മിറ്റില്ലാത്ത 47,700 വാഹനങ്ങളും അധികൃതര്‍ തിരിച്ചയച്ചിട്ടുണ്ട്.

ഹജ്ജിനെത്തുന്ന സ്വദേശികളും വിദേശികളും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അനുമതിയുള്ള ഏജന്‍സികള്‍ മുഖേന പെര്‍മിറ്റ് കരസ്ഥമാക്കണം. ഓണ്‍ലൈന്‍ വഴിയും അനുമതി ലഭിക്കും. 194 ഏജന്‍സികള്‍ വഴി രണ്ടു ലക്ഷത്തി നാല്‍പതിനായിരം ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് മന്ത്രാലയം അവസരം നല്‍കുക. പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിക്കുന്നത് സൗദി താമസ നിയമമനുസരിച്ച് നിയമലംഘനമാണ്. തീര്‍ഥാടകര്‍ക്ക് പ്രയാസമില്ലാതെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പാലിക്കാന്‍ സ്വദേശികളും വിദേശികളും ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന്റെ ദിനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button