Home & Garden

മാറിവരുന്ന ഭവന സങ്കല്പങ്ങള്‍

ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് ഒരു സ്വപ്ന ഭവനം സ്വന്തമാക്കുക എന്നത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങള്‍ക്കും സാക്ഷിയാകുന്ന വീട്, ഒരുപാട് മനസുകളെ ഒരുമിപ്പിയ്ക്കുന്ന ഒന്ന് കൂടിയാണ്. മനുഷ്യന്‍ കുടുംബമായി ജീവിയ്ക്കാന്‍ ആരംഭിച്ച കാലം മുതല്‍ ബന്ധങ്ങളെ കണ്ണി അറ്റുപോകാതെ ചേര്‍ത്ത് നിര്‍ത്താനും, ഒരു കുടക്കീഴില്‍ ഒരേ മനസ്സായി വസിയ്ക്കാനും മനുഷ്യനെ പ്രാപ്തനാക്കിയത് വീടെന്ന ഒന്ന് മാത്രമാണ്. ഇത്രയും പ്രാധാന്യമുള്ള സ്വപ്ന ഭവനം നിര്‍മ്മിയ്ക്കുമ്പോള്‍ മനുഷ്യര്‍ ഇത്തിരി ആഡംബരപ്രിയരായാലും തെറ്റ് പറയാനാവില്ല.

പണത്തിനു അനുസരിച്ച് ഓരോ വ്യക്തിയും തങ്ങളുടെ വീടിനെ സുന്ദരമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്ന ഈ സാഹചര്യത്തില്‍ നിരവധി പുതുമയാര്‍ന്ന രീതികളാണ് ഓരോ നിര്‍മാതാക്കളും അവലംബിക്കുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും അമ്പരപ്പിയ്ക്കുന്ന ത്രീ ഡയമെന്‍ഷണല്‍ ബംഗ്ലാവുകള്‍ മുതല്‍ ഏതൊരു സാധരണക്കാരനെയും മോഹിപ്പിയ്ക്കുന്ന നാടന്‍ രീതിയിലുള്ള നാലുകെട്ടുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ലക്ഷങ്ങള്‍ മുതല്‍ മുടക്കി നിര്‍മ്മിച്ച ഉദ്യാനവും അടുക്കളയുമാണ് ഇത്തരം വീടുകളുടെ പ്രധാന ആകര്‍ഷണം. വെളിയില്‍ നിന്ന് നോക്കുന്ന ഏതൊരു വ്യക്തിയുടെയും മനസില്‍ ഇടം നേടാന്‍ ഉദ്യാനങ്ങള്‍ക്ക് കഴിയുന്നുവെങ്കില്‍ പാചക വിദഗ്ദരായ ഏതൊരു മനസിനെയും ഈ ന്യൂജനറേഷന്‍ അടുക്കളകള്‍ക്കും സാധിക്കും എന്നതാണ് സത്യം.

ഓരോ വസ്തുവിനും കൃത്യമായ ഒരിടം നല്‍കുകയും ആവശ്യത്തിനു സൗകര്യങ്ങള്‍ സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ച് തയ്യാറാക്കിയുമാണ് ഈ വീടുകള്‍ നിര്‍മ്മിയ്ക്കുന്നത്. അതുകൊണ്ട് തന്നെ വീടിന്റെ ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താനും ഈ ഗൃഹങ്ങള്‍ക്ക് സാധിയ്ക്കുന്നു. വീട്ടിലെ ഓരോ വ്യക്തിയുടെയും ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോ മുറിയും അലങ്കരിയ്ക്കുന്നത് എന്നതിനാല്‍ ഓരോ വ്യക്തിയ്ക്കും തങ്ങളുടെ മുറിയോട് ഒരു ആത്മബന്ധമാണ് ഉള്ളത് എന്നതാണ് സത്യം. അതിനാല്‍ തന്നെ പുതുതലമുറയിലെ ഏതൊരാളും കൂടുതല്‍ നേരം ചിലവഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നതും അവരുടെ കിടപ്പ് മുറികളില്‍ ആയിരിക്കും.

ഇന്റീരിയര്‍ ഡിസൈനിങ്ങിനു ഇന്ന് വലിയ പ്രാധാന്യമാണ്‌ ഉള്ളത്. ബജറ്റിന് അനുസരിച്ച് ഏറ്റവും മനോഹരമായ രീതിയില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാനാണ് ഏതൊരു വ്യക്തിയും ശ്രമിയ്ക്കുന്നത്. വിവിധ ബജറ്റിലുള്ള പാക്കേജുകള്‍ ഒരുക്കി ഓരോ ഫര്‍ണിഷിംഗ് സ്ഥാപനങ്ങളും ഇന്ന് മത്സരിയ്ക്കുകയാണ്.
ഓരോ മുറിയിലും ഉപയോഗിയ്ക്കുന്ന പെയിന്റ്, കര്‍ട്ടന്‍, തുടങ്ങി ഓരോ വസ്തുവും വ്യക്തമായി ആലോചിച്ച് ഉറപ്പിച്ചതിനുശേഷമാണ് ഉപയോഗിയ്ക്കുന്നത്. പെയിന്റിംഗിലും കര്‍ട്ടന്‍ തുണികളിലും പുതുമയേറിയ വൈവിധ്യങ്ങളാണ് ഇന്ന് കാണാന്‍ സാധിക്കുക. ഇതിനെല്ലാം പുറമേ ഫ്ലോറിങ്ങിലും സീലിങ്ങിലുമെല്ലാം പുതിയ പരീക്ഷണങ്ങളാണ് ഓരോ നിര്‍മാതാക്കളും അവലംബിയ്ക്കുന്നത്.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ ആഡംബരപ്രിയരായി കാണപ്പെടുന്നത്, ഭവന നിര്‍മാണത്തില്‍ മലയാളികള്‍ തന്നെയാണ്. താമസിയ്ക്കാന്‍ ഒരു വീട് എന്നതിനപ്പുറം,തങ്ങളുടെ പ്രൗഢിയുടെയും അഭിമാനത്തിന്റെയും പ്രതീകമായാണ് മലയാളികള്‍ വീടിനെ കാണുന്നത്. അതുകൊണ്ടുതന്നെ സാധിയ്ക്കുന്നത്ര ചെലവേറിയ ഇന്റീരിയര്‍ ഡിസൈനിങ്ങും ഫര്‍ണിഷിംഗുമെല്ലാമാണ് മലയാളികള്‍ തെരഞ്ഞെടുക്കുന്നത്. ഒരു കെട്ടിടത്തിനെ വീടാക്കി മാറ്റാന്‍ ഈ ഇന്റീരിയര്‍ ഡിസൈനിംഗിനും മറ്റു അലങ്കാരങ്ങള്‍ക്കും സാധിയ്ക്കുന്നു എന്ന സത്യം വിസ്മരിയ്ക്കാനവുന്നതല്ല. എന്നാല്‍ ഒരു ആയുസ്സിന്റെ മുഴുവന്‍ സമ്പാദ്യവും ഗൃഹനിര്‍മ്മാണത്തിനായി ചിലവഴിച്ച് ചിലര്‍ കടക്കെണിയില്‍ അകപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ, ആഡംബരത്തിന് പിന്നാലെ പായുന്നവര്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്ന് കൂടെയാണ്. ഭവനങ്ങളുടെ ഇന്റീരിയര്‍ ഡിസൈനിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button