വീടിനുള്ളിൽ പൊടികയറാതിരിക്കാനോ വെളിച്ചം നിയന്ത്രിക്കാനോ മാത്രമുള്ള ഒരു വസ്തുവല്ല കർട്ടനുകൾ.വീട്ടിനുള്ളിൽ അനുയോജ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതുപോലെയാണ് കർട്ടനുകൾ തെരഞ്ഞെടുക്കുന്നതും. ജനലുകളുടെ സ്ഥാനവും ഭിത്തിയുടെ നിറവും ഫർണിച്ചറുകളുടെ യോജിപ്പുമൊക്കെ കർട്ടനുകളുടെ മനോഹാരിത കൂട്ടാനും കുറയ്ക്കാനും സാധ്യതയുണ്ട് .
പ്ലീറ്റഡ് കർട്ടൻ, പെൽമറ്റ്, സ്കാലപ്പ്, ലൂപ് കർട്ടനുകൾ, നൂൽ കർട്ടനുകൾ, വാലൻസ് കർട്ടനുകൾ, എന്നിങ്ങനെ പലതരം കർട്ടനുകൾ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്.ഞൊറി ഇട്ടു തയ്ക്കുന്ന കർട്ടനാണ് പ്ലീറ്റഡ് കർട്ടൻ. കർട്ടൻ നിർമാണത്തിലെ സർവസാധാരണമായ രീതിയാണ് ഇത്. നാല്, അഞ്ചു പ്ലീറ്റ് കർട്ടനുകൾക്കാണ് ആവശ്യക്കാർ ഏറെയും.ജനലിന്റെ വലുപ്പം കൂടി അടിസ്ഥാനപ്പെടുത്തിയാണ് പ്ലീറ്റഡ് കർട്ടനുകൾ തിരഞ്ഞെടുക്കുന്നത്.
സ്കാലപ്, പെൽമറ്റ്, വാലൻസ് കർട്ടനുകൾ
ഇവ മൂന്നും ഒരേ ഗണത്തിൽ പെടുന്നവയാണ്. ജാലകവിരിപ്പുകളായി ഇട്ടിരിക്കുന്ന പ്ലീറ്റഡ് കർട്ടനുകൾക്കു മുകളിലായാണ് ഇവ പിടിപ്പിക്കുന്നത്. കർട്ടന് ഭംഗി വർധിപ്പിക്കുക എന്നതാണു ലക്ഷ്യം. ഇന്നർ കർട്ടനു മുകളിൽ തുണികൊണ്ടു തോരണം തൂക്കിയതു പോലെയുള്ള കർട്ടനുകളാണു സ്കാലപ് കർട്ടനുകൾ. പല ആകൃതിയിൽ ഇവ തയ്‌ച്ചെടുക്കാം. കർട്ടൻ ഫിറ്റിങ്ങുകൾ മറയ്ക്കുന്ന രീതിയിലുള്ള കർട്ടൻ ഡിസൈനിങ്ങാണു വാലൻസ്. സാധാരണയായി നീളമുള്ള ജനലുകൾക്കാണ് ഇത് ഉപയോഗിക്കുക.
ലൂപ് കർട്ടനുകൾ
കർട്ടനുകളിൽ മടക്ക് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകൾ പിടിപ്പിക്കുന്നവയാണ് ലൂപ് കർട്ടനുകൾ. ഓപ്പൺ ഹാളുകളിൽ ഇതു കൂടുതൽ ഭംഗി നൽകും. ലൂപ്പുകളുടെ പുറത്തേക്കു തുണിക്കിണങ്ങുന്ന വിധം ഫാൻസി ബട്ടണുകൾ, മുത്തുകൾ എന്നിവയും ഇതിൽ പിടിപ്പിക്കാം. ഏറ്റവും ലളിതമായി കർട്ടനടിക്കുന്ന രീതിയാണിത്.
നൂൽ കർട്ടനുകൾ
സാധാരണയായി പാർട്ടീഷൻ കർട്ടനായും ആർച്ചിലുമാണ് ഇതുപയോഗിച്ചു കാണുന്നത്. കർട്ടനുകളിലെ പുതിയ ട്രെൻഡാണിത്. പല നിറത്തിലുള്ള നൂലുകൾ അടുപ്പിച്ചടുപ്പിച്ച് തൂക്കി ഇടുന്ന രീതിയിലാണ് നൂൽകർട്ടനുള്ളത്. മാത്രമല്ല, കൂടുതൽ ഭംഗിക്കായി ഈ നൂലുകളിൽ മുത്തുകളും കല്ലുകളുമൊക്കെ പിടിപ്പിക്കുകയും ചെയ്യുന്നു.
കർട്ടനുകൾ ചിലവേറിയവയാണ് പൊതുവെ, എന്നിരുന്നാലും വീടിനു ഭംഗി കൂട്ടാൻ ഭിത്തിക്ക് ഇണങ്ങുന്ന തരത്തിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
Post Your Comments