ബംഗളുരു: പുലര്‍ച്ചെ നഗരത്തിലെത്തുന്നവർ ബംഗളുരുവിൽ കവർച്ചക്കിരയാവുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. സഹോദരന്റെ ചികില്‍സയ്ക്കായി ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയെ ഓട്ടോക്കാരുടെ സഹായത്തോടെയാണ് കവർച്ചാ സംഘം ആക്രമിച്ചത്. ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞ ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിക്ക് ഇടക്കുവെച്ചു കയറിയ രണ്ടുപേർ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചികില്‍സാ ആവശ്യത്തിനുള്ള പണവും മൊബൈല്‍ ഫോണും കവര്‍ന്ന് ഇടുങ്ങിയ റോഡില്‍ ഇറക്കിവിടുകയും ചെയ്തു.
മറ്റൊരു സംഭവം ഇങ്ങനെ. കലാസിപാളയത്ത് ബസ്സിറങ്ങി ടാക്സിക്കായി കാത്തുനിന്ന മലയാളി യുവാവിനെ ബൈക്കിലെത്തിയ സംഘം കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും മോതിരവും കവര്‍ന്നു. ജൂണ്‍ 29-നും മലയാളികളായ രണ്ടു യുവാക്കള്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തിനിരയായി. സ്ഥലപരിചയമില്ലാത്തതും ഭാഷ അറിയാത്തതുമാണ് കവര്‍ച്ചക്കാര്‍ക്ക് സഹായകമാകുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 പേര്‍ ആക്രമണത്തിനിരയായി. എന്നാല്‍ ആരേയും അറസ്റ്റു ചെയ്യാനായില്ല.
കലാസി പാളയം, മഡിവാള, കെ. ആര്‍. മാര്‍ക്കറ്റ് പരിസരം എന്നിവടങ്ങളിലെത്തുന്ന യാത്രക്കാരാണ് കവര്‍ച്ചക്കിരയാകുന്നത്. കവര്‍ച്ചയും ആക്രമണവും പതിവായപ്പോള്‍ മലയാളി സംഘടനകള്‍ പ്രശ്നത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ നാല് മുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം നിലച്ചു. കവര്‍ച്ചയടക്കമുള്ള ആക്രമണത്തിന് വിധേയരായാല്‍ 080-25588444, 080-25588555 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി. സുനില്‍കുമാര്‍ പറഞ്ഞു.
Post Your Comments