ദുബായ്: മലയാളിയുടെ സത്യസന്ധതയക്ക് ദുബായ് പോാലീസിന്റെ ആദരം. വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ 24,000 ദിര്‍ഹം (ഏകദേശം നാല് ലക്ഷം രൂപ) തിരിച്ചു നല്‍കിയതിനാണ് മലയാളിയെ പോലീസ് ആദരിച്ചത്. മതിലകം സ്വദേശി ജുലാഷ് ബഷീറിനെയാണ് പോലീസ് ആദരിച്ചത്. ബര്‍ദുബായ് റഫയിലെ റോഡരികില്‍ നിന്നു കളഞ്ഞുകിട്ടിയ ചെറിയ ബാഗ് തുറന്നു നോക്കിയപ്പോള്‍ 24,000 ദിര്‍ഹവും ചാര്‍ജ് ഇല്ലാത്ത ഒരു പഴയ മൊബൈല്‍ ഫോണും കണ്ടു. ഇത് കൃത്യമായി പോലീസിനെ ഏല്‍പ്പിക്കാന്‍ ജുലാഷ് ബഷീര്‍ തീരുമാനിച്ചു.
ഇതിനെ തുടര്‍ന്ന് അദ്ദേഹം വിവരം പോലീസിനെ അറിയിച്ചു. സംഭവസ്ഥലത്ത് ഇതേതുടര്‍ന്ന് പോലീസ് എത്തി.ജുലാഷ് ബഷീറില്‍ നിന്നും ബാഗ് ഏറ്റുവാങ്ങി. റഫ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഫോണ്‍ ചാര്‍ജ് ചെയ്ത് അതില്‍ കണ്ട ഒരു നമ്പരില്‍ വിളിച്ചു. മറുതലയ്ക്കല്‍ ഫോണെടുത്ത ശിവകുമാര്‍, തന്റെ സ്ഥാപനത്തിലെ പാചകക്കാരന്‍ ശെല്‍വരാജിന്റേതാണ് ബാഗെന്ന് സ്ഥിരീകരിച്ചു. തമിഴ്‌നാട് നാഗപട്ടണം സ്വദേശിയാണ് ശെല്‍വരാജ്. പണം നഷ്ടപ്പെട്ടതോടെ രക്തസമ്മര്‍ദം കൂടി മുറിയില്‍ കിടക്കുകയായിരുന്നു ശെല്‍വരാജ്.
പിന്നീട്, ശിവകുമാറിനോടൊപ്പം ശെല്‍വരാജ് പോലീസ് സ്റ്റേഷനിലെത്തി പണവും ഫോണും തിരികെ കൈപ്പറ്റി. രണ്ട് പെണ്‍മക്കളുടെ പിതാവായ ശെല്‍വരാജ് 28 വര്‍ഷമായി ദുബായില്‍ പ്രതിമാസം 1,700 ദിര്‍ഹം ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി മകളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ചേര്‍ന്നിരുന്ന കുറി വിളിച്ച് കിട്ടിയ പണമായിരുന്നു ചെറിയ ബാഗില്‍.
കയ്യിലുണ്ടായിരുന്ന വലിയ ബാഗ് കീറിപ്പോയതാണ് പണം നഷ്ടമാകാന്‍ കാരണമെന്ന് ശെല്‍വരാജ് പറഞ്ഞു. ജുലാഷിനെ കഴിഞ്ഞ ദിവസം റഫാ പോലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
Post Your Comments