തിരുവനന്തപുരം: ശ്രീകാര്യത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെത്തുമ്പോള്‍ മറുപടിയായി സി.പി.എം രാജ്ഭവന് മുന്നില്‍ നടത്തുന്ന സത്യഗ്രഹം വെറുതെയാകും. ഗവര്‍ണ്ണര്‍ സ്ഥലത്തില്ലാത്തതാണ് കാരണം. ജന്മനാടായ തമിഴ്നാട്ടിലായ ഗവര്‍ണ്ണര്‍ ചൊവ്വാഴ്ചയേ തിരുവനന്തപുരത്ത് തിരിച്ചെത്തൂ. വ്യാഴാഴ്ചയാണ് അദ്ദേഹം പോയത്. സംഘര്‍ഷത്തിനിടെ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന നിലപാടിലാണ് സി.പി.എം രാജ്ഭവന് മുന്നില്‍ സത്യഗ്രഹം സംഘടിപ്പിക്കുന്നത്.
ഗവര്‍ണ്ണറെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ തങ്ങളുടെ കൂടി തീരാവേദന മന്ത്രി കാണണമെന്ന അഭ്യര്‍ത്ഥനയുമായി 21 രക്തസാക്ഷികളുടെ കുടുംബങ്ങളാണ് രാജ്ഭവന് മുന്നില്‍ സത്യഗ്രഹത്തിനെത്തുന്നത്. ജയ്റ്റ്ലിയുടെ സന്ദര്‍ശനത്തെയും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സി.പി.എം കാണുന്നത്. ജില്ലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ആരോപണമുള്ള 21 രക്തസാക്ഷികളുടെ കുടുംബങ്ങളാണ് സത്യഗ്രഹത്തിനെത്തുന്നത്.
രാവിലെ 10ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്. മുമ്പ് നടന്ന ആക്രമണങ്ങളില്‍ പരിക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തും. തലസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ യാഥാര്‍ത്ഥ്യം വിശദീകരിച്ച് ആനാവൂര്‍ നാഗപ്പന്‍ ജയ്റ്റ്ലിയ്ക്ക് കത്തെഴുതിയതായും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.
Post Your Comments