വാഷിങ്ടണ്‍: ആരോഗ്യ രംഗത്തെ മാറ്റി മറിയ്ക്കുന്ന വമ്പന്‍ പരീക്ഷണത്തിന് ആദ്യ വിജയം. ജനിക്കാന്‍ പോകുന്ന കുട്ടിയെ മാതാപിതാക്കളുടെ ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് ആരോഗ്യ രംഗത്ത് മാറ്റങ്ങളുണ്ടാകുമോ എന്നാണ് ശാസ്ത്ര ലോകത്തെ ഇന്നത്തെ ഏറ്റവും വലിയ ചോദ്യം. അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ മനുഷ്യ ഭ്രൂണത്തിലെ ഡി.എന്‍.എ ഘടനയില്‍ മാറ്റം വരുത്താമെന്ന് കണ്ടുപിടിച്ചതാണ് ഇത്തരത്തില്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്. അതേസമയം, പരീക്ഷണം മനുഷ്യകുലത്തിന്റെ സ്വാഭാവികതയില്‍ മാറ്റം വരുത്തുമെന്നും മെഡിക്കല്‍ എത്തിക്സിന് എതിരാണെന്നും എതിരഭിപ്രായം ഉയര്‍ന്നതോടെ വിഷയത്തില്‍ ശാസ്ത്രലോകം രണ്ട് തട്ടിലാണ്.
ഭ്രൂണാവസ്ഥയില്‍ ഡി.എന്‍.എയില്‍ മാറ്റം വരുത്താമെന്ന അവസ്ഥ വരുന്നതോടെ പാരമ്പര്യമായി പകരുന്ന പല രോഗങ്ങളും തടയാനാകുമെന്നാണ് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞരുടെ വാദം. പ്രമേഹം, രക്താദിസമ്മര്‍ദ്ദം, ഹീമോഫീലിയ, തലാസീമിയ, ഡൗണ്‍ സിണ്‍ഡ്രോം തുടങ്ങി കാന്‍സര്‍ രോഗങ്ങള്‍ക്ക് വരെ ഈ പരീക്ഷണം ഗുണകരമാണ്. നിലവില്‍ ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന ഒരു ഉള്‍പരിവര്‍ത്തനം സംഭവിച്ച ഡി.എന്‍.എയാണ് മനുഷ്യ ഭ്രൂണത്തില്‍ നിന്നും വേര്‍തിരിച്ചത്. ബയോ ടെക്‌നോളജിയുടെ പുത്തന്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. എന്നാല്‍ ഘടനാ മാറ്റം വരുത്തിയ ഭ്രൂണത്തെ വൈദ്യശാസ്ത്രത്തിലെ മൂല്യങ്ങള്‍ പരിഗണിച്ച് നിലവില്‍ സ്ത്രീകളില്‍ പരീക്ഷിച്ചിട്ടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ബ്രിട്ടീഷ് ജേര്‍ണലായ നാച്ചുറില്‍ ഇത് സംബന്ധിച്ച പൂര്‍ണമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരീക്ഷണം സംബന്ധിച്ച അപകടങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര്‍ ബോധവാന്മാരാണ്. ജീന്‍ എഡിറ്റിംഗ് എന്നത് എല്ലാകാലത്തും അപകടം പിടിച്ചതാണെന്നും ഇതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഫലമെന്നും പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരിലൊരാള്‍ പറയുന്നു.
Post Your Comments