ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ 735 ലിങ്കുകളും 596 വെബ്സൈറ്റുകളും നിരോധിച്ചതായി കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. ഈ വർഷം ജൂൺ വരെയുള്ള കണക്കുകളാണ് ഇത്. ഇക്കൂട്ടത്തിൽ ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വൃണപ്പെടുത്തുന്നവയും ഉണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി പി.പി. ചൗധരി അറിയിച്ചു. വിദഗ്ധ കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലും വിവിധ കോടതികളുടെ ഉത്തരവിന്റെ ഭാഗവുമായാണ് ലിങ്കുകളും വെബ്സൈറ്റുകളും നിരോധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാകാലങ്ങളിൽ സമൂഹമാധ്യമ / വെബ് ദുരുപയോഗത്തെക്കുറിച്ചു സർക്കാർ നിരീക്ഷിക്കുന്നുണ്ട്. സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നത് സാങ്കേതികവിദ്യയുടെ അതിരില്ലാ പ്രകൃതമാണ്. സർക്കാർ ഏജൻസികളുടെ നിരന്തര നിരീക്ഷണത്തിലാണ് ഇത്തരം ആളുകളും വെബ്സൈറ്റുകളും. നിയമവിരുദ്ധമെന്നു കണ്ടെത്തിയാൽ 2000ലെ ഐടി നിയമം അനുസരിച്ചു നടപടികൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഈ ഫെബ്രുവരിയിൽ ഗ്രാമങ്ങളിൽ ഡിജിറ്റൽ സാക്ഷരത കൊണ്ടുവരാൻ പ്രധാൻമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരത അഭിയാൻ എന്ന പേരിൽ പദ്ധതി കൊണ്ടുവന്നതായും മന്ത്രി അറിയിച്ചു. ഈ പദ്ധതി വഴി ആറു കോടി ഗ്രാമീണ വീടുകളാണ് ലക്ഷ്യമിടുന്നത്. 2,351.38 കോടിയാണ് ഈ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.
Post Your Comments