തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദമായ സോളാർ അഴിമതിക്കേസിന്റെ അന്വേഷണം നീളുന്നു. സോളാർ കമ്മീഷന്റെ കാലാവധി രണ്ടു മാസം കൂടി വീണ്ടും നീട്ടി. ഇതോടെ അനന്തമായി അന്വേഷണം നീളുന്നതാണ് സോളാർ അഴിമതിക്കേസിൽ സംഭവിക്കുന്നത്. 2014 മാര്‍ച്ച് മൂന്നിനാണ് ജുഡീഷല്‍ കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ചത്. മൂന്നു വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാൻ കമ്മീഷനു കഴിഞ്ഞില്ല. ഇതോടെയാണ് കമ്മീഷന്റെ കാലാവധി രണ്ടു മാസം കൂടി സർക്കാർ നീട്ടി നൽകിയത്.
റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി. ശിവരാജനെയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ ജുഡീഷല്‍ കമ്മീഷനായി നിയോഗിച്ചത്. 2013 ഒക്ടോബർ 23നായിരുന്നു ഇത്. ഇതേ തുടര്‍ന്ന് 2014 മാര്‍ച്ച് മൂന്നിന് കമ്മീഷന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഏപ്രില്‍ 28 ന് കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് കൂടി സർക്കാർ ദീർഘിപ്പിച്ചു.
സൗരോർജ പദ്ധതിയുടെ പേരില്‍ “ടീം സോളാര്‍” എന്ന കമ്പനി പണം തട്ടിയതാണ് കേസിനു ആധാരമായ സംഭവം. അംഗീകാരമില്ലാത്ത ഈ കമ്പനി അനേകരെ തട്ടിപ്പിനു ഇരയാക്കി. സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന് എന്നീ കമ്പനി ഡയറക്ടര്‍മാരെ കേന്ദ്രീകരിച്ചു തുടങ്ങിയ അന്വേഷണം പിന്നെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതായിരുന്നു ഇതിനു കാരണം. സോളാര്‍ അന്വേഷണ കമ്മീഷനില്‍ സരിത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് മൊഴി നല്‍കിയിരുന്നു.
Post Your Comments