”ഓര്‍മ്മയുണ്ടോ ഈമുഖം”. ”കാക്കിയിട്ടവന്റെ മേല്‍ കൈവച്ചാല്‍ നിനക്കൊന്നും നോവില്ല. ഇന്ത്യയുടെ ആത്മാവ് തൊട്ടറിയണമെങ്കില്‍ സെന്‍സ് ഉണ്ടാകണം സെന്‍സിബിലിറ്റി ഉണ്ടാകണം. സെന്‍സിറ്റിവിറ്റി ഉണ്ടാകണം” എന്നിങ്ങനെ മലയാള സിനിമാ പ്രേമികളുടെ ചുണ്ടുകളില്‍ ഇപ്പോഴും തത്തികളിക്കുന്ന സൂപ്പര്‍ ഹിറ്റ് ഡയലോഗുകള്‍ക്ക് ആവര്‍ത്തന വിരസതയോ മടുപ്പോ ഇല്ല. ഇനി വീണ്ടും ഇത്തരം പ്രതിഷേധത്തിന്റെ, നിഷേധിയുടെ സ്വരം കേള്‍ക്കാന്‍ തയ്യാറായിക്കൊള്ളുക
തിയ്യേറ്ററില്‍ സൂപ്പര്‍ താര ചിത്രങ്ങളുടെ എന്ട്രിക്കൊപ്പം തന്നെ തിരക്കഥ, സംഭാഷണം-രഞ്ജിപണിക്കര്‍ എന്ന് വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ കരഘോഷത്തോടെ അതിനെ വരവേല്‍ക്കാത്ത മലയാള സിനിമാ പ്രേമികള്‍ കുറവാണ്. പുതിയ ഇംഗ്ലീഷ് പദങ്ങളുടെ ചടുലത കൊണ്ടും, പ്രാസത്തിന്റെ മനോഹാരിത കൊണ്ടും സിനിമകള്‍ക്ക് മികവേകിയ തിരക്കഥാകൃത്ത് രഞ്ജിപണിക്കര്‍ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തൂലിക ചലിപ്പിക്കുന്നു.
തിരക്കഥ -സംഭാഷണ വേഷം അഴിച്ചുവച്ച് അഭിനേതാവായി മാറി സ്നേഹമുള്ള അച്ഛനും ചേട്ടനും അധോലോക നേതാവുമെല്ലാമായി ആടിത്തിമര്‍ത്ത രഞ്ജി പണിക്കര്‍ തന്റെ തിരിച്ചുവരവ് നടത്തുന്നത് വമ്പന്‍ ചിത്രങ്ങളിലൂടെയാണ് എന്നതും ശ്രദ്ധേയം. ഒന്നല്ല. മൂന്ന് വമ്പന്‍ പ്രോജക്ടുകള്‍ക്കാണ് തിരിച്ചുവരവില്‍ രഞ്ജി പണിക്കര്‍ തിരക്കഥ മെനയുന്നത്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരേഷ് ഗോപി എന്നിങ്ങനെ വലിയൊരു താരനിരയ്ക്ക് വീണ്ടുമൊരു മാസ് എന്ട്രി ഒരുക്കുകയാണ് രഞ്ജി പണിക്കര്‍. മോഹന്‍ലാല്‍ –ഷാജി കൈലാസ് ചിത്രത്തിനാണ് ആദ്യ തിരക്കഥ തയ്യാറാക്കുക. അതിനു ശേഷം മകന്‍ നിതിന്‍ രഞ്ജിപണിക്കരുടെ സംവിധാനത്തിലുള്ള ലേലം രണ്ടാംഭാഗത്തിന് ഡയലോഗുകള്‍ എഴുതുന്നു. പൃഥ്വിരാജിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന വേലുത്തമ്പിദളവ എന്ന ചിത്രത്തിനും തിരക്കഥ സംഭാഷണം രഞ്ജി പണിക്കരുടേതാണ് .
Post Your Comments