തിരുവനന്തപുരം: മലയാളത്തിന്‍റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം മുന്നോട്ട് പോകുകയാണ്. നടന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ലാലേട്ടന്റെ പിറന്നാള്‍ ദിനം പതിവുപോലെ ആരാധകര്‍ ആഘോഷമാക്കും. സര്‍ക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ഇവര്‍ ഇന്ന് അവയവദാന സമ്മതപത്രം നല്‍കും.
ഫാന്‍സ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാള്‍ സദ്യയൊരുക്കും. തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടി വൈകിട്ട് മൂന്നിന് മന്ത്രി ജി.ആര്‍. അനിലാണ് ഉദ്ഘാടനം ചെയ്യുക. 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും.
തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന്‍ ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നത് വസ്തുതയാണ്.
നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച അദ്ദേഹത്തിന്‍റെ സംവിധായക പ്രതിഭ അറിയാനും ആസ്വദിക്കുവാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്.
ദ്യശ്യത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ നേടിയ വിജയം കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളില്‍ പോലും മലയാള സിനിമയുടെ ഖ്യാതി എത്തിക്കുന്നതിന് കാരണമായി. ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകനും, ലൂസിഫറും മലയാള സിനിമാ വ്യവസായത്തിന് പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു.അദ്ദേഹത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (NFAI) അദ്ദേഹത്തെ ‘ഫേസ് ഓഫ് ദി വീക്ക്’ ആയി ആദരിച്ചിരുന്നു. എല്ലായ്പ്പോഴും എന്നപോലെ, രണ്ട് തവണ ദേശീയ അവാർഡ് നേടിയ താരത്തിന്റെ മികച്ച സിനിമകളിൽ ചിലത് NFAI തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുന്നു.
ഇതിനു അനുസൃതമായി ഫേസ്ബുക്കിൽ ഓരോ ദിവസവും ഓരോ ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്റുകൾ നൽകിയിട്ടുണ്ട്. ജീത്തു ജോസഫ് ഒരുക്കുന്ന റാം, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അടുത്ത വര്‍ഷം ആദ്യം ഷൂട്ടിങ് ആരംഭിക്കുമെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞിരുന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഈസ്റ്റ് കോസ്റ്റ് ഫാമിലിയുടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
Post Your Comments