നിലവാരമില്ലാത്ത അധ്യാപകരെക്കുറിച്ചും ക്ലാസ്സ് റൂമുകളെ കുറിച്ചും ധാരാളം നാം കേള്‍ക്കാറുണ്ട്. എന്നാല്‍, ഇതിലും പരിതാപകരമാണ് മധ്യപ്രദേശിലെ നീമു ജില്ലയിലെ മോകപുര ഗ്രാമത്തിലെ സ്കൂളിന്റെ അവസ്ഥ. ഇവിടെ, കുട്ടികള്‍ക്ക് പഠിക്കാന്‍ കെട്ടിടമില്ലെന്നു മാത്രമല്ല, ജില്ലയിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കക്കൂസിലിരുന്നാണ്.
2012 ല്‍ സ്ഥാപിച്ച ഈ സ്കൂളില്‍ 34 വിദ്യാര്‍ഥികളും ഒരു അധ്യാപകനും മാത്രമാണ് ഉള്ളത്. ആദ്യം, വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, അതിനു ശേഷം ഗവണ്മെന്റ് സ്ഥാപിച്ച കക്കൂസിലേക്ക്, പഠന മുറി മാറ്റുകയായിരുന്നു. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും കുട്ടികള്‍ മരത്തിന് ചുവട്ടിലിരുന്നാണ് പഠിക്കുന്നതെങ്കിലും, മഴക്കാലത്ത് ഇവരെ കക്കൂസിലിരുത്തി പഠിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്ന് അധ്യാപകന് കൈലാഷ് ചന്ദ്ര പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരുപാട് പരാതികള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ സ്കൂളിന്റെ ദുരിതാവസ്ഥയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി കെ.സി ശര്‍മ്മ പറഞ്ഞു. എന്നാല്‍, ഇങ്ങനെയൊരു വിദ്യാലയം തന്റെ പ്രദേശത്ത് ഉള്ളതായി അറിയില്ലെന്ന് സ്ഥലം എംഎല്‍എ കൈലാഷ് ചൗള വ്യക്തമാക്കി.
Post Your Comments