കാന്‍ബെറ: വിമാനം തകര്‍ക്കാനുള്ള തീവ്രവാദികളുടെ ശ്രമം നിഷ്ഫലം. ഓസ്‌ട്രേലിയയില്‍ വിമാനം തകര്‍ക്കാനുള്ള തീവ്രവാദ പദ്ധതിയാണ് പോലീസ് നിഷ്ഫലമാക്കിയത്. സിഡ്‌നിയിലെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും പദ്ധതി ആസൂത്രണം ചെയ്ത നാലുപേരെ പിടികൂടിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ അറിയിച്ചു.
ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും, ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസും, രാജ്യത്തിന്റെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്നാണ് അന്വേഷണം നടത്തിയതും പദ്ധതി തകര്‍ത്തതും. തീവ്രവാദ ഭീഷണി കണക്കിലെടുത്ത് സിഡ്നി വിമാനത്താവളത്തിലും രാജ്യത്തെ മറ്റ് അന്താരാഷ്ട്ര -ആഭ്യന്തര ടെര്‍മിനലുകളിലും സുരക്ഷ ശക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
ചിലര്‍ സിഡ്നിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുള്ളതായ വിവരങ്ങള്‍ ലഭിച്ചിരുന്നു. നീതി-നിയമ വകുപ്പ് ഇക്കാര്യത്തില്‍ ജാഗരൂകരായിരുന്നുവെന്നും, വ്യോമയാന മേഖല മാത്രമാണോ ലക്ഷ്യം എന്ന് പരിശോധിച്ച് വരികയാണെന്നും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ആന്‍ഡ്രൂ കോള്‍വിന്‍ അറിയിച്ചു. ആക്രമണത്തിന്റെ ലക്ഷ്യം, സ്ഥാനം, സമയം എന്നിവയെ കുറിച്ചുള്ള പരിമിതമായ വിവരങ്ങളെ ലഭിച്ചിരുന്നുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാരുടെ പരിശോധന സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി കര്‍ശനമാക്കും. അതിനാല്‍ കുറഞ്ഞതു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിലെത്തി ചേരാനും ലഗേജിന്റെ ഭാരം കുറയ്ക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
Post Your Comments