തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും ശിവഗിരി മഠവും ഇനി യോജിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും ഇടപെടലാണ് ഇതിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഇതോടെ ശിവഗിരി മഠത്തിലേക്ക് വീണ്ടും വെള്ളാപ്പള്ളി എത്തും. ശിവഗിരി സ്വാമിമാരുമായി സഹകരിക്കുകയും ചെയ്യും. അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം ശിവഗിരിയും വെള്ളാപ്പള്ളിയും ഒരു മനസോടെ പ്രവർത്തിക്കാൻ അവസരമൊരുങ്ങുകയാണ്.
വെള്ളാപ്പള്ളിയും ശിവഗിരി സന്യാസിമാരും ഒരുമിക്കുമ്പോൾ അതിന്റെ രാഷ്ട്രീയ നേട്ടം ബിജെപിക്കാകുമെന്ന ആശങ്ക സിപിഎമ്മിനുണ്ട് .എൻഡിഎയുടെ ഘടകകക്ഷിയാണ് എസ് എൻ ഡി പി യൂണിയന്റെ ഭാഗമായ ബിഡിജെഎസ്. അതുകൊണ്ടാണ് അതിന്റെ നേതാവായ വെള്ളാപ്പള്ളിക്ക് വേണ്ടി ബിജെപി രംഗത്തിറങ്ങിയത്. ആർക്കും അയിത്തമില്ലെന്ന സന്ദേശമാണ് ശിവഗിരി മഠത്തിലെ സന്യാസിമാർ നൽകിയത്. ആരെയും അട്ടിമറിക്കാനല്ല ഈ ഒത്തുചേരല്‍ എന്നാണു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശിവഗിരി മഠവും പറയുന്നു.ശിവഗിരി മഠവും എസ്.എൻ.ഡി.പിയും പലപ്പഴും ഭിന്നിച്ച് നിന്നതിനാല്‍ ഗുരുദേവൻ രൂപം കൊടുത്ത രണ്ട് പ്രസ്ഥാനത്തെയും ഒരിക്കലും യോജിച്ച് പ്രവർത്തിക്കാൻ രാഷ്ട്രീയക്കാർ അനുവദിച്ചില്ല. എന്തായാലും ശിവഗിരിയിൽ വന്ന ഭരണമാറ്റവും എസ് എൻ ഡി.പി യോഗം ജനറൽ സെക്രട്ടറിയും ചേർന്ന് എടുത്ത തീരുമാനം ഇനി കാര്യങ്ങള്‍ മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments