ഡൽഹി: പുരുഷന്‍മാര്‍ക്കെതിരേ വ്യാജ സ്ത്രീപീഡനപരാതികള്‍ തെളിയിക്കാന്‍ പുരുഷന്‍മാര്‍ക്ക് അവസരം. ഇനി മുതൽ ‘ഓണ്‍ലൈനായി’ ദേശീയ വനിതാ കമ്മീഷന്റെ വെബ്‌സൈറ്റില്‍ പരാതി നല്‍കാനാകും. ഈ നിർദേശം വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് മുന്നോട്ടുവെച്ചത്. തിങ്കളാഴ്ച നടക്കുന്ന വനിതാകമ്മിഷന്‍ യോഗത്തില്‍ ‘പുരുഷ പരാതി’കള്‍ക്ക് പ്രത്യേക ജാലകമൊരുക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് അധ്യക്ഷ ലളിത കുമാരമംഗലം മാധ്യമങ്ങളോട് പറഞ്ഞു.
പുരുഷന്‍മാര്‍ക്കെതിരേ വ്യാജപരാതികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം വനിതാകമ്മീഷന് നിര്‍ദേശം നല്‍കിയത്. ഇതിനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരുക്കണമെന്നാണ് മേനകാഗാന്ധി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീസംരക്ഷണത്തിനായി തയ്യാറാക്കിയ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതികള്‍ സൂക്ഷ്മമായി പരിശോധിച്ച് വ്യാജമായവ തിരിച്ചറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മേനകാഗാന്ധി കമ്മിഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ആധാര്‍, മൊബൈല്‍ നമ്പറുകള്‍ അടക്കമുള്ള വിവരങ്ങള്‍ പുരുഷന്‍മാരുടെ പരാതികളുടെ ആധികാരികത ഉറപ്പാക്കാന്‍ നല്‍കണമെന്ന് മന്ത്രി മേനകാഗാന്ധി വ്യക്തമാക്കി. പുതിയ നിര്‍ദേശം സ്ത്രീകളില്‍ പ്രതിഷേധത്തിനിടയാക്കിയേക്കും.
Post Your Comments