തിരുവനന്തപുരം: രക്തം നല്കുന്നയാളില് നിന്നും നേരിട്ട് ആവശ്യമുള്ള രക്തഘടകം മാത്രം വേര്‍തിച്ചെടുക്കാന്‍ കഴിയുന്ന അത്യാധുനിക മെഷീനായ അഫറിസിസ് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തനസജ്ജമായി. തിരുവനന്തപുരത്ത് സര്‍ക്കാര്‍ മേഖലയില്‍ ശ്രീ ചിത്രയിലും ആര്.സി.സി.യിലുമുള്ള ഈ സൗകര്യമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയത്. ദാതാവില്‍ നിന്നെടുക്കുന്ന രക്തത്തെ റെഡ് സെല്‍സ്, പ്ലേറ്റ്ലെറ്റ്, പ്ലാസ്മ എന്നിങ്ങനെ മൂന്ന് രക്ത ഘടകങ്ങളാക്കിയാണ് സാധാരണ ഗതിയില്‍ വിതരണം ചെയ്യുന്നത്.
അഫറിസിസ് വഴി ഇതില്‍ ആവശ്യമുള്ള രക്തഘടകം മാത്രം തത്സമയം വേര്‍തിരിച്ചെടുത്ത് ശേഖരിക്കാവുന്നതാണ്. ആവശ്യമായ രക്തഘടകം എടുത്ത ശേഷം ബാക്കിയുള്ള രക്തഘടകങ്ങള്‍ ദാതാവിന്റെ ശരീരത്തില്‍ അന്നേരം തന്നെ തിരികെ കയറ്റുന്നു. ദാതാവിന് മറ്റൊരു പ്രശ്നവുമില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ മെഷീന് വഴി രക്തഘടകം വേര്‍തിരിച്ചെടുക്കുവാന്‍ കഴിയും. ഒരാളില്‍ നിന്നും തന്നെ 250 മുതല്‍ 300 എം.എല്‍. വരെയുള്ള പ്ലേറ്റ്ലെറ്റ് മാറ്റിയെടുക്കാന്‍ കഴിയുമെന്നതാണ് ഈ മെഷീന്റെ മറ്റൊരു പ്രത്യേകത.
Post Your Comments