
ന്യൂഡല്‍ഹി: പീഡിപ്പിച്ചുവെന്ന് പരാതി നല്കുന്നവര് ഇനി മുതല്‍ വെട്ടിലാകും. പരസ്പര സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി. ബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ നേരത്തേ പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമാണെന്ന് വരുത്തിത്തീര്‍ക്കുന്ന പ്രവണത സ്ത്രീകളിലുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിനെതിരേ 29-കാരി നല്കിയ ഗാര്‍ഹിക പീഡനപരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിവിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
വിവാഹിതരാകുന്നതിന് മുമ്പ് 2015-ല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. പരാതിക്കാരിയും ആരോപണവിധേയനും പലതവണ സ്വന്തം ഇഷ്ടപ്രകാരം ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍, ചില കാരണങ്ങളാല്‍ ബന്ധം തകര്‍ന്നപ്പോള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ യുവതി നിയമത്തെ ആയുധമാക്കിയെന്നും ജസ്റ്റിസ് പ്രതിഭാ റാണി നിരീക്ഷിച്ചു. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധത്തെ ബലാത്സംഗമാക്കി മാറ്റാനാണ് യുവതി ശ്രമിച്ചത്. ബലാത്സംഗത്തിനും പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിനും വ്യത്യാസമുണ്ട് -കോടതി പറഞ്ഞു.
മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. നേരത്തേ ബലാത്സംഗത്തിന് പരാതി നല്കിയ യുവതിയും ആരോപണവിധേയനും വിവാഹം കഴിക്കാനാഗ്രഹിക്കുന്നുണ്ടെന്നും പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, അപേക്ഷ കോടതി നിരസിക്കുകയും വിചാരണ നേരിടാന്‍ ഇരുവരോടും ആവശ്യപ്പെടുകയും ചെയ്തു. വിചാരണവേളയില്‍ യുവതി ഭര്‍ത്താവിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല.
Post Your Comments