CinemaMollywoodLatest NewsMovie SongsEntertainment

ചലച്ചിത്ര നടി സി.പി. ഖദീജ അന്തരിച്ചു

തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തില്‍ വഴിതെറ്റി കാട്ടിൽ എത്തിയ മാണിക്യന് ശരിയായ വഴി പറഞ്ഞു കൊടുക്കുന്ന ഹാസ്യാത്മക കഥാപാത്രത്തെ മനോഹരമായി ആവിഷ്കരിച്ച ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.15നാണ് അന്ത്യം. എറണാകുളം വടുതല ചിന്മയ സ്‌കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു അവസാനനാളുകളില്‍ കഴിഞ്ഞിരുന്നത്.

ശ്വാസകോശ അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യയാണ്. ഖദീജയുടെ അവസാന ചിത്രവും തേന്മാവിൻ കൊമ്പത്താണ്.

പെരുമ്പാവൂർ ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറ് മക്കളിൽ ഒരാളായ ഖദീജ നൂറോളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലും മികച്ച കഥാപാത്രങ്ങൾ ഖദീജയെ തേടിയെത്തി. 1968ൽ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ അടൂർഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.അസുരവിത്ത് (1968), വെളുത്ത കത്രീന (1968), തുലാഭാരം (1968), വിലക്കപ്പെട്ട ബന്ധങ്ങൾ (1969), കണ്ണൂർ ഡീലക്സ് (1969), കണ്ടവരുണ്ടോ (1972) തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button