ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌ന ജില്ലാ ആശുപത്രിയിൽ ആഭിചാര ക്രിയകൾ. പാമ്പുകടിയേറ്റു മരിച്ച പെൺകുട്ടിക്കു ജീവൻ തിരികെ നൽകാൻ വീട്ടുകാരുടെ അനുവാദത്തോടെയാണ് മന്ത്രവാദിയും പാമ്പാട്ടിയും ആഭിചാര ക്രിയകൾ നടത്തിയത്. പാമ്പുകടിയേറ്റു മരിച്ച നിലയിലാണ് സത്‌നയിലെ ഗ്രോത്രവർഗ ഗ്രാമത്തിൽനിന്നുള്ള പിങ്കിയെ (14) ആശുപത്രിയിൽ എത്തിച്ചത്. മന്ത്രവാദിയുടെ ‘ക്രിയകൾ’ കഴിഞ്ഞ് ആശുപത്രിയിലെത്തിയപ്പോഴേക്കും വൈകിയിരുന്നു.
പോസ്റ്റ്മോർട്ടത്തിനായി അധികൃതർ മൃതദേഹം മോർച്ചറിയിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ വീട്ടുകാർ എതിർത്തു. തുടർന്നു ആശുപത്രിയിലേക്കു പാമ്പാട്ടിയെയും മന്ത്രവാദിയെയും കൊണ്ടുവന്നു. കുഴലൂതി പാമ്പാട്ടിയും മന്ത്രങ്ങൾ ചൊല്ലിയും ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചും മന്ത്രവാദിയും കുട്ടിയെ പുനർജനിപ്പിക്കാൻ രാത്രി മുഴുവൻ ശ്രമിച്ചു. ഇതിനിടെ, ചില പച്ചമരുന്നുകളും പ്രയോഗിച്ചു.
എന്നാൽ ഗ്രാമീണർ കുട്ടിയെ കടിച്ച പാമ്പിനെ അപ്പോൾ തന്നെ തല്ലിക്കൊന്നിരുന്നു. ചത്ത പാമ്പിനെയും ജീവനുള്ള മറ്റൊരു പാമ്പിനെയും മൃതദേഹത്തിനു സമീപം വച്ചായിരുന്നു കർമങ്ങൾ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവിൽ സർജൻ ഡോ.എസ്.ബി.സിങ് വ്യക്തമാക്കി
Post Your Comments