കോഴിക്കോട്: യുവതിയുടെ കൊലപാതകവും അതിലേയ്ക്ക് നയിച്ച് സംഭവവികാസങ്ങളും അരങ്ങേറിയത് ത്രികോണപ്രണയകഥയെ തുടര്‍ന്ന്. കൊല്ലപ്പെട്ട യുവതി വഴിവിട്ടജീവിതമാണ് നയിച്ചിരുന്നതെന്ന് പറയപ്പെടുന്നു. സിനിമാക്കഥകളെ പോലും വെല്ലുന്ന ‘ഫ്ളാഷ്ബാക്ക്’ ആണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ട മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം കോഴിക്കോട് ടൗണ്‍ പോലീസിന് മുന്നില്‍ വെളിച്ചത്തായത്. സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് തെരുവില്‍ കഴിഞ്ഞിരുന്ന ഒരു യുവതിയുടെയും, അവരെ കൊലചെയ്ത യുവാവിന്റെയും ജീവിതം അസ്വാഭാവികതകള്‍ നിറഞ്ഞതായിരുന്നു.
ജൂലായ് 11-നാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തുന്നത്. തെരുവുനായകള്‍ കടിച്ചുകീറിയശേഷം അവശേഷിച്ച മൃതദേഹത്തിലുണ്ടായിരുന്ന മോതിരം, ചരട്, സാരിയുടെ നിറം തുടങ്ങിയ അടയാളങ്ങളാണ് മരിച്ചത് അസ്മാബിയാണെന്ന് തിരിച്ചറിയാന്‍ സഹായകരമായത്. 20 വര്‍ഷത്തോളമായി നഗരത്തില്‍ താമസിച്ചുവരുന്ന കൊണ്ടോട്ടി സ്വദേശിനി അസ്മാബി മുമ്പ് ലൈംഗികത്തൊഴിലാളിയായും പിന്നീട് കഞ്ചാവ് വില്‍പ്പനക്കാരിയുമായാണ് ജീവിതം നയിച്ചതെന്ന് അന്വേഷണത്തില്‍ വിവരം ലഭിച്ചു. പലരിലായി ഏഴുകുട്ടികളുള്ള ഇവര്‍ അഞ്ചുകുട്ടികളെ അനാഥാലയത്തിലാക്കുകയും രണ്ടുമക്കളെ വിറ്റെന്നും ടൗണ്‍ പോലീസ് പറയുന്നു.
നഗരത്തിലെ ചിരട്ടവില്‍പ്പന നടത്തുന്ന ഒരുകടയില്‍ ജോലിനോക്കിയ ബിജുവുമായി കഴിഞ്ഞ ആറുവര്‍ഷത്തോളമായി അസ്മാബി അടുപ്പത്തിലായിരുന്നു. ഇവര്‍ക്ക് പിറന്ന മൂന്നരവയസ്സുള്ള കുട്ടിയെ അനാഥാലയത്തിലാക്കുകയായിരുന്നു. പാളയത്ത് നടന്ന അടിപിടിക്കേസുമായി ബന്ധപ്പെട്ട് പത്തുമാസം ജയിലില്‍ കഴിഞ്ഞ ബിജു കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. ബിജു ജയിലില്‍ കഴിയവെയാണ് അസ്മാബി അനീഷുമായി പരിചയപ്പെടുന്നത്.
പിതാവ് അമ്മയെ മര്‍ദിച്ചും തീകൊളുത്തിയും കൊല്ലുന്നതിന് സാക്ഷ്യം വഹിക്കുകയും, അഞ്ച് വര്‍ഷംമുമ്പ് ഗാന്ധിപാര്‍ക്കിന് സമീപത്തെ കിണറിന്റെ ബാറിന് മുകളില്‍ തൂങ്ങിമരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന ഹതഭാഗ്യനാണ് അനീഷെന്ന് പോലീസ് പറയുന്നു. ബിജു ജയില്‍മോചിതനായ ശേഷം അയാളുമായി അസ്മാബി ബന്ധം തുടര്‍ന്നതും അതിനൊപ്പം രാജേഷ് എന്ന മറ്റൊരു യുവാവുമായും അടുപ്പത്തിലായതുമാണ് അനീഷിനെ പ്രകോപിപ്പിച്ചത്. അതിന്റെ വൈരാഗ്യത്തില്‍ ഒരിക്കല്‍ അസ്മാബിയെ കഞ്ചാവ് വില്‍പ്പനയ്ക്ക് എക്സൈസിനെകൊണ്ട് അറസ്റ്റുചെയ്യിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തുന്നത്.
ജൂണ്‍ 23-ന് വൈകീട്ട് അസ്മാബിയെ കൊലപ്പെടുത്തിയശേഷം മൊബൈലും, വെള്ളി ആഭരണങ്ങളും പതിനഞ്ച് പാക്കറ്റ് കഞ്ചാവുമെടുത്ത് സംഭവസ്ഥലത്തുനിന്ന് അനീഷ് കടന്നുകളഞ്ഞു. മൊബൈല്‍ ഗള്‍ഫ് ബസാറിലെ ഒരു കടയിലും, ആഭരണങ്ങള്‍ പാളയത്തെ ഒരു കടയിലും വിറ്റു. അസ്മാബിയുടെ മൃതദേഹം കണ്ടുകിട്ടുന്നത് വരെ നഗരത്തിലെ രണ്ട് ലോഡ്ജുകളില്‍ തങ്ങിയ അനീഷ്, യുവതിയുമായി അടുപ്പമുണ്ടായിരുന്ന രാജേഷിനെയും കൂട്ടിയാണ് നഗരത്തില്‍നിന്ന് മുങ്ങിയതെന്നതാണ് സംഭവത്തിലെ മറ്റൊരു നാടകീയത. കൊല്ലപ്പെട്ടത് അസ്മാബിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഇരുവരും കുടുങ്ങുമെന്ന് വിശ്വസിപ്പിച്ചാണ് രാജേഷിനെ കൂടെക്കൂട്ടിയത്. ബത്തേരിയിലെത്തിയപാടെ രാജേഷിനെ തനിച്ചാക്കി മൊബൈല്‍ സ്വച്ച് ഓഫ് ആക്കി മുങ്ങുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത രാജേഷില്‍ നിന്നാണ് സംഭവത്തില്‍ അനീഷിന്റെ പങ്ക് പോലീസിന് വ്യക്തമാവുന്നതും അയാള്‍ വലയിലാവുന്നതും.
Post Your Comments