Latest NewsNewsIndia

യുവതിയുടെ അപകട മരണം കൊലപാതകം, പ്രതി പിടിയില്‍

കാര്‍ ഇടിച്ചുള്ള യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

ബെംഗളൂരു : കാര്‍ ഇടിച്ചുള്ള യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിലായി. സാക്ലേഷ്പുരിലെ ബൊമ്മനായകനഹള്ളി സ്വദേശി ജി.ആര്‍ ഭരതാണ് അറസ്റ്റിലായത്. ഹെഞ്ചഗൊണ്ടാനഹള്ളി സ്വദേശിനി ശരണ്യയാണ് കൊല്ലപ്പെട്ടത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവശേഷം, റോഡപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും പൊലീസിന്റെ അന്വേഷണത്തില്‍ യാഥാര്‍ത്ഥ്യം പുറത്തുവരികയായിരുന്നു.

Read Also: മാ​​ല മോ​​ഷ​​ണം : യു​​വ​​തി പൊലീസ് പിടിയിൽ

ഓഗസ്റ്റ് മൂന്നിന് കര്‍ണാടകയിലെ ഹാസ്സന്‍ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി സ്ഥലത്തേക്ക് നടന്നുപോകുകയായിരുന്ന ശരണ്യയെ ഭരത് ഓടിച്ചിരുന്ന കാര്‍ ഇടിപ്പിക്കുകയായിരുന്നു. യുവതിയെ ഇടിച്ചതിന് പിന്നാലെ ഒരു ചരക്കുവണ്ടിയിലും രണ്ട് മോട്ടോര്‍ ബൈക്കിലും ഒരു ബസിലും കാര്‍ ഇടിക്കുകയുണ്ടായി.

അപകട ശേഷം, വാഹനം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഓഗസ്റ്റ് നാലിന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും വാഹനാപകടം ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, ഓഗസ്റ്റ് 12ന് പൊലീസ് ഭരതിനെ പിടികൂടി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തന്റെ പ്രണയാഭ്യര്‍ത്ഥനകള്‍ പെണ്‍കുട്ടി നിരസിച്ചതിനാലാണ് താന്‍ കുറ്റകൃത്യം ചെയ്തെതെന്ന് ഇയാള്‍ മൊഴി നല്‍കി. ബുവാനഹള്ളിയിലെ ഭാരതി അസോസിയേറ്റ്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട യുവതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button