തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേന്ദ്രത്തിന്റെ തണലില്‍ വളര്‍ന്ന ചില പാഴ്‌ച്ചെടികളെ പിഴുതെറിഞ്ഞ് കുമ്മനം പറഞ്ഞു. അത്തരം പാഴ്‌ചെടികളെ കണ്ടയുടന്‍ നടപടിയെടുത്തു. ഇതുപോലുള്ള ഇത്തിള്‍ക്കണ്ണികള്‍ ഇനിയും ഉണ്ടെങ്കില്‍ അതിനെയെല്ലാം ഇല്ലാതാക്കുമെന്നും കുമ്മനം പറഞ്ഞു.
പ്രവര്‍ത്തകര്‍ക്ക് കുമ്മനം അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി നടത്തുന്നവര്‍ എത്ര ഉന്നതരായാലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. മെഡിക്കല്‍ കോഴ സംബന്ധിച്ചുണ്ടായത് അഴിമതിയല്ല. വ്യക്തി കേന്ദ്രീകൃതമായ സാമ്പത്തിക തട്ടിപ്പാണ്. അതിനെ ബി.ജെ.പിയുടെ മൊത്തം അഴിമതിയായി ചിത്രീകരിക്കാനാണ് ശ്രമം. ഈ ഗൂഢശ്രമത്തില്‍ വീണുപോകരുത്. വ്യക്തിതാല്‍പര്യത്തിനായി സംഘടനയെ ഒറ്റുകൊടുക്കില്ലെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്യണം.
ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് ബി.ജെ.പി കേരളാഘടകം മുഴുവന്‍ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്നു പ്രചരിപ്പിക്കുന്നവരെ നാം കരുതിയിരിക്കണം. അഴിമതിയിലും നിരാശയിലും ആണ്ടുകിടന്ന ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി ലോകനേതൃസ്ഥാനത്തു തിരികെയത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരാണ് ബി.ജെ.പിക്കാര്‍. അതിന്റെ നേതൃസ്ഥാനത്ത് ലോകാരാദ്ധ്യനായ നരേന്ദ്ര മോദിയാണ് ഉള്ളത്. അഴിമതിയോടു സന്ധിയില്ലാ സമരം പ്രഖ്യാപിച്ച അമിത് ഷായാണ് ബിജെപിയെ നയിക്കുന്നത്.
നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാരില്‍ നാളിതുവരെ അഴിമതിയുടെ ലാഞ്ചന പോലും എതിരാളികള്‍ക്കു കണ്ടെത്താനായിട്ടില്ല. ആ നിരാശാബോധത്തില്‍ നിന്നാണ് ഒറ്റപ്പെട്ട ഈ സംഭവത്തെ പര്‍വതീകരിക്കാനുള്ള ശ്രമം നടക്കുന്നത്. ബഹുസ്വരതയും വൈവിദ്ധ്യവുമുള്ള സമൂഹത്തിലെന്ന പോലെ ബി.ജെ.പിയിലും പല സ്വഭാവത്തിലുമുള്ള ആളുകള്‍ കടന്നിട്ടുണ്ടാകാം. എന്നാല്‍ അത്തരക്കാരെയും അത്തരം സംഭവങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ബി.ജെ.പിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അഴിമതിയല്ല.
കേന്ദ്ര സര്‍ക്കാരിനോടോ ബി.ജെ.പിയോടോ ഇതിനു ബന്ധവുമില്ല. മറിച്ച് വ്യക്തിയധിഷ്ഠിതമായ സാമ്ബത്തിക തട്ടിപ്പ് ശ്രമമായിരുന്നു. അതിലെ പ്രധാന പങ്കാളികള്‍ക്കു ബി.ജെ.പിയുമായി ബന്ധവുമില്ലെന്ന് ഇതിനകംതന്നെ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ പേരു പറഞ്ഞ് തട്ടിപ്പിന് ഒരു പ്രവര്‍ത്തകന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടി ബി.ജെ.പി കൈക്കൊണ്ടിട്ടുണ്ട്. അതിലുപരിയായ ഏതെങ്കിലും നടപടി സ്വീകരിക്കേണ്ടത് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥിതിയും ഭരണകൂടവുമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments