തിരുവനന്തപുരം : കേരള ബി.ജെ.പി യെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോളേജ് കോഴ ഇടപാടുമായ് ബന്ധപ്പെട്ട് എന്‍ ഡി എ വൈസ്‌ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയുമായ് കൂടിക്കാഴ്ച്ച നടത്തുമെന്ന് സൂചന.വിഭാഗീയത രൂക്ഷമായ കേരളത്തില്‍ രണ്ടു വിഭാഗങ്ങള്‍ ചേരി തിരിഞ്ഞു ആരോപണ പ്രത്യാരോപണങ്ങളുമായ് മുന്നോട്ട് പോകുന്നതിനിടയിലാണ് സുപ്രധാന നീക്കം. രണ്ടു വിഭാഗങ്ങളും എതിര്‍പക്ഷത്തെ അഴിമതി കഥ മത്സരിച്ച് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളില്‍ എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ കേന്ദ്ര ഐ ബി യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മുരളീധര വിഭാഗത്തിന്റെയും കൃഷ്ണദാസ് വിഭാഗത്തിന്റെയും കരു നീക്കങ്ങളില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതിച്ഛായ ആണ് മോശമായി ബാധിക്കുന്നത്. ആറന്മുള വിമാനത്താവള സമരത്തിലും മറ്റും അഴിമതിയുടെ കറ പുരളാതെ നിന്നു പോരാടിയ അദ്ദേഹത്തിന്റെ ആദര്‍ശ പ്രതിച്ഛായക്കു പോലും മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് പോര് ഇനിയും വച്ച് പുലര്‍ത്താന്‍ കഴിയില്ല എന്ന നിലപാടിലാണ് കേന്ദ്രം എന്നറിയുന്നു. കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമായി കുമ്മനത്തിനു പിന്തുണ പ്രഖ്യാപിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് നിഗമനം.കുമ്മനത്തിനു തുറന്ന പിന്തുണ പ്രഖ്യാപിച്ച ശേഷം ഏഷ്യാനെറ്റ് ചെയര്‍മാന്‍ തന്നെ പ്രധാനമന്ത്രിയെ കാണുന്നത് ആശങ്കയോടെയാണ് ഇരുപക്ഷവും നോക്കിക്കാണുന്നത്. എന്തായാലും കുമ്മനത്തെ നിലനിര്‍ത്തി തമ്മിലടിക്കുന്ന ഗ്രൂപ്പ് ഘടകങ്ങളെ മെരുക്കാന്‍ തന്നെയാകും അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും നീക്കം.
Post Your Comments