ലക്‌നൗ: രാജിവെക്കാനൊരുങ്ങിയ മെട്രോമാന്‍ ഇ.ശ്രീധരനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തിരിപ്പിച്ചു. കാണ്‍പുര്‍, ലക്‌നൗ മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനത്ത് നിന്നാണ് ശ്രീധരൻ രാജി വയ്ക്കാൻ ഒരുങ്ങിയത്. 85-കാരനായ ശ്രീധരന്‍ തന്റെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് ഈ സ്ഥാനത്ത് നിന്ന് രാജിവെക്കാനൊരുങ്ങിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇതിനായി അദ്ദേഹം കഴിഞ്ഞ മാസം സന്ദര്‍ശിച്ചിരുന്നു.
തനിക്ക് കൊച്ചിയില്‍ കൂടുതല്‍ ജോലികളുണ്ട്. അതിനാൽ കാണ്‍പുര്‍, ലക്‌നൗ മെട്രോയും ഉപദേശകസ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്നും യോഗിയെ ശ്രീധരന്‍ അറിയിച്ചു. എന്നാല്‍ താങ്കളെ രാജിവെക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി.
കൂടാതെ യുപിയില്‍ നിര്‍മ്മിക്കാനിരിക്കുന്ന മറ്റു നാലു മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനം കൂടി ഏറ്റെടുക്കണമെന്ന് യോഗി ആവശ്യപ്പെട്ടതായി ശ്രീധരന്‍ പറഞ്ഞു. വരാണസി, മീററ്റ്, ആഗ്ര, യോഗിയുടെ മണ്ഡലമായ ഗോരക്പുര്‍ എന്നിവയാണ് യുപിയിലെ മെട്രോ പദ്ധതികള്‍.
മെട്രോ റെയില്‍വെ സേഫ്റ്റി കമ്മീഷണറുടെ പരിശോധനക്കായി ലക്‌നൗ മെട്രോയുടെ ആദ്യ ഘട്ടമായ 10.5 കിലോമീറ്റര്‍ പാത കാത്തിരിക്കുകയാണ്. ഗോരക്പുര്‍, ആഗ്ര, മീററ്റ് എന്നിവയുടെ സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.
Post Your Comments