Latest NewsKeralaNews StorySpecials

തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വെട്ടി മുറിക്കുമ്പോൾ

ഓരോ വർഷവും റെയിൽവേ ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോൾ 2 റെയിൽവേ ഡിവിഷനുകളുള്ള കേരളത്തിന് അവഗണന മാത്രമാണ് ലഭിക്കുന്നത് . കേന്ദ്ര സർക്കാരിന്‍റെ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ് ഇന്നും കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കഞ്ചിക്കോട് കോച്ച് ഫാക്ടറി.അതുപോലെ നിരവധി പദ്ധതികളുണ്ട് കേരളത്തിന്റെ നഷ്ടക്കണക്കിൽ. കിട്ടാത്തതോർത്ത് ദുഖിച്ചിട്ട് കാര്യമില്ലല്ലോ പക്ഷെ കയ്യിലുള്ളതും നഷ്ടപെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷൻ ആയ തിരുവനന്തപുരത്തിന്‍റെ ഏതാനും ഭാഗങ്ങൾ മധുര ഡിവിഷന് കൈമാറാൻ ഒരുങ്ങുകയാണ് റെയിൽവേ. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് നൽകി കഴിഞ്ഞു.

ദക്ഷിണ റെയിൽവേ ഈ റിപ്പോർട്ട് അംഗീകരിക്കുവാണെങ്കിൽ തിരുവനന്തപുരം ഡിവിഷനിലുള്ള നേമം മുതൽ മേലേപ്പാളയം വരെയുള്ള പാത മധുര ഡിവിഷനിലേയ്ക്ക് ചേർക്കപ്പെടും. 625 കിലോമീറ്റർ റെയിൽ പാതയും 108 സ്റ്റേഷനുകളും ഉള്ള തിരുവനന്തപുരം വെട്ടി മുറിക്കാനുള്ള നീക്കം വരുമാന നഷ്ടം നേരിടുന്ന ഡിവിഷന് കനത്ത ആഘാതം തന്നെയായിരിക്കും. പകരമായി പുനലൂർ മുതൽ ചെങ്കോട്ട വരെയുള്ള 80 കിലോമീറ്റർ പാത തിരുവനന്തപുരം ഡിവിഷനിൽ ചേർക്കാമെന്ന നിർദ്ദേശവും റെയിൽവേ ബോർഡ് മുന്നിൽ വെച്ചിട്ടുണ്ട്.പക്ഷെ ഈ നീക്കത്തിലൂടെ തിരുവനന്തപുരം നേരിടുന്ന ആഘാതം കുറക്കാൻ സാധിക്കില്ല.
നിലവിൽ 8 എക്സ്പ്രസ് ട്രെയിനുകളും 2 പാസഞ്ചർ ട്രെയിനുകളും കന്യാകുമാരി,നാഗർകോവിൽ , എന്നിവടങ്ങളിൽ നിന്ന് പുറപ്പെടുന്നുണ്ട്.

വിഭജനം പൂർത്തിയായാൽ കേരളത്തിന് വൻ വരുമാന നഷ്ടമായിരിക്കും സംഭവിക്കുക.ഇതോടെ കേരളം കേന്ദ്രികരിച്ചുള്ള റെയില്‍വേ സോണ്‍ എന്ന സ്വപ്നവും അവസാനിക്കും.നിലവിൽ തമിഴ്‌നാട്ടിലെ 12 ജില്ലകളിലായി 1356 കിലോമീറ്റർ പതയുള്ള മധുര ഡിവിഷൻ രാജ്യത്തെ ഏറ്റവും വലിയ ഡിവിഷനുകളിൽ ഒന്നാണ് ഈ സാഹചര്യം നിലനിൽക്കെയാണ് പുതിയ ഭാഗങ്ങൾ കൂടി മധുര ഡിവിഷനിൽ ചേർക്കാൻ പദ്ധതി തയാറാക്കുന്നത്.

ഇതാദ്യമായല്ല കേരളം ഇത്തരമൊരു അവഗണന നേരിടുന്നത് 2006ൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് ഏതാനും ഭാഗങ്ങൾ സേലം ഡിവിഷനിൽ ചേർത്തിരുന്നു കൂട്ടത്തിൽ കോയമ്പത്തൂർ പോലുള്ള പ്രധാന സ്റ്റേഷനുകൾ നമുക്ക് നഷ്ടമായി.ഇതേ സാഹചര്യം തന്നെയാണ് ഇപ്പോൾ തിരുവനന്തപുരം ഡിവിഷനും നേരിടുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് നേമവും കൊച്ചുവേളിയും ഉൾപ്പെടുത്തി സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കാനുള്ള പദ്ധതി തയാറാക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കവുമായി റെയിൽവേ ബോർഡ് എത്തിയിരിക്കുന്നത്. തുടർന്നുള്ള വികസനപ്രവർത്തനങ്ങളെ കൂടി ബാധിക്കുന്ന രീതിയിലാണ് തിരുവനന്തപുരം ഡിവിഷൻ വിഭജനത്തിന് ഒരുങ്ങുന്നത്. തമിഴ് നാടിന്‍റെ ശക്തമായ സമ്മര്‍ദ്ദവും കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണന്‍റെ ഇടപെടലുമാണ് ഇതിനുപിന്നിലെന്ന് വ്യക്തമാണ്.

വിഴിഞ്ഞം തുറമുഖം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം ഒരു നീക്കത്തിന് വേഗത കൂടുന്നത്.വിഴിഞ്ഞം തുറമുഖത്തിന്‍റെ ചരക്ക് നീക്കത്തിനുള്ള യാർഡ് നിർമ്മിക്കുന്നത് നേമത്തിനടുത്തുള്ള ബാലരാമപുരത്താണ്. നേമം മധുര ഡിവിഷനിലേയ്ക്ക് ചേർത്താൽ ചരക്ക് നീക്കത്തിന്‍റെ വരുമാനം കൂടി മധുര ഡിവിഷനിലേക്ക് എത്തും. ഇത് കൂടാതെ മധുര ഡിവിഷൻ ഭാഗിച്ച് തിരുനെൽവേലി ആസ്ഥാനമായി പുതിയ ഡിവിഷൻ രൂപീകരിക്കാനുള്ള പദ്ധതിക്ക് കൂടിയാണ് ജീവൻ വയ്ക്കുന്നത്. ഇനിയെങ്കിലും നമ്മുടെ എം.പിമാരും സംസ്ഥാന നേതൃത്വവും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ തിരുവനന്തപുരം ഡിവിഷനും യാത്രക്കാർക്കും വൻ നഷ്ടമായിരിക്കും സംഭവിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button