ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ചാലക്കുടി നഗരസഭ ശിപാർശ ചെയ്തു. വ്യാജ ആധാരങ്ങൾ ഉപയോഗിച്ചാണ് വിവാദ ഭൂമി ദിലീപ് സ്വന്തമാക്കിയത്. ഇതിനു വേണ്ടി അന്ന് നഗരസഭ ഭരിച്ചിരുന്ന യുഡിഎഫ് ഭരണസമിതി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നുമുള്ള ആരോപണങ്ങൾ അന്വേഷിക്കാനാണ് ഭരണസമിതിയുടെ ശിപാർശ.
ചാലക്കുടിയിലെ ഡി-സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങൾ അന്വേഷിക്കുവാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസ് ജില്ലാ കളക്ടർക്കു നിർദേശം നൽകിയിരുന്നു. ചാലക്കുടിയിൽ ഡി-സിനിമാസ് നിർമിക്കുന്നതിനായി വാങ്ങിയ ഒരേക്കർ ഭൂമിയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ ഉയർന്നത്. ഇത് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു കളക്ടർക്കു മന്ത്രി നൽകിയ നിർദേശം .
വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിത്. ഈ വസ്തുവിൽ പുറമ്പോക്കും ഉണ്ടായിരുന്നു എന്ന റവന്യൂ റിപ്പോർട്ട് മുക്കിയെന്നും വാർത്തകൾ വന്നിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നുണ്ട്. ഇതേ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Post Your Comments